ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ 10ന് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുമ്പ് ഉത്പന്നങ്ങളുടെ അമിതമായ വിലക്കയറ്റം തടയുക, പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്നും ലൈറ്റ് എൻജിനീയറിംഗ് ആൻഡ് അയേൺ ഫാബ്രിക്കേഷൻ വിഭാഗത്തിന് നൽകിവന്ന വൈറ്റ് കാറ്റഗറി പുനസ്ഥാപിക്കുക, ലൈസൻസ് ഇല്ലാതെ നടത്തുന്ന അനധികൃത വെൽഡിംഗ് വർക്കുകാരെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 10.30ന് ആരംഭിക്കുന്ന ധർണ എച്ച്. സലാം എം എൽ എ ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാഗേഷ് മുഖ്യാതിഥിയാകും. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ദേവരാജൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് ബി.മുരളി അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ ഭാരവാഹികളായ ബി.മുരളി, ശശി സ്റ്റീൽലാന്റ്, എസ്.ദേവരാജൻ, രതീഷ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ
പങ്കെടുത്തു.