ആലപ്പുഴ: പതിനെട്ടാമത് സ്വാതിതിരുനാൾ സംഗീതോത്സവം ഇന്ന് ആരംഭിച്ച് എട്ടുവരെയും കളർകോട് നാരായണൻ നായർ സ്മാരക ജില്ലാ കഥകളി ക്ളബ്ബിന്റെ 57-ാം വാർഷികം 28നും ആലപ്പുഴ എസ്.ഡി.വി. ബസന്റ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സനാതധർമ വിദ്യാശാല, കളർകോട് നാരായണൻ നായർ സ്മാരക ആലപ്പുഴ ജില്ലാ കഥകളി ക്ളബ്ബ്, ശ്രീ രാജരാജേശ്വരി സംഗീത സഭ, കേരളീയ കലാക്ഷേത്രം എന്നിവ വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
ഇന്ന് വൈകിട്ട് 5ന് ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യാരാജ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. സ്വാതിതിരുനാൾ സംഗീതോത്സവ സംഘാടക സമിതി മുഖ്യരക്ഷാധികാരി കെ.കെ.പദ്മനാഭ പിള്ളയെ ആദരിക്കലും വയലിൻ വാദക ബിന്ദു കെ.ഷേണായിയ്ക്ക് സംഗീതശ്രേഷ്ഠ പുരസ്കാര സമർപ്പണവും സൗമ്യാ രാജ് നിർവഹിക്കും.
നാളെ വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം ഹരികുമാർ വാലേത്ത് ഉദ്ഘാടനം ചെയ്യും. ആർ.വിധു അദ്ധ്യക്ഷത വഹിക്കും.
8ന് വൈകിട്ട് 5ന് കലാരത്ന പുരസ്കാരം സംഗീതജ്ഞൻ എം.കെ.ശങ്കരൻ നമ്പൂതിരിക്ക് എസ്.ഡി. കോളേജ് മാനേജർ പി.കൃഷ്ണകുമാർ സമർപ്പിക്കും
28ന് വൈകിട്ട് 5ന് കളർകോട് നാരായണൻ നായർ സ്മാരക ആലപ്പുഴ ജില്ലാ കഥകളി ക്ളബ്ബിന്റെ 57-ാം വാർഷികാഘോഷം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കളർകോട് നാരായണൻ നായർ സ്മാരക പുരസ്കാരം ഡോ. കണ്ണൻ പരമേശ്വരനും വെൺമണി ഹരിദാസ് സ്മരക പുരസ്കാരം കലാമണ്ഡലം വിനോദിനും സമർപ്പിക്കും. സംഗീതോത്സവ കമ്മിറ്റി ജനറൽ കൺവീനർ എം.കെ.മോഹൻകുമാർ, ഭാരവാഹികളായ പി.വെങ്കിട്ടരാമയ്യർ, എ.എൻ.പുരം ശിവകുമാർ, പി.രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.