ഹരിപ്പാട് : നാലുദിവസമായി ഹരിപ്പാട് മേഖലയിൽ പര്യടനം നടത്തിയ ബാലസംഘത്തിന്റെ വേനൽ തുമ്പി കലാജാഥ സമാപിച്ചു. മണ്ണാറശാലയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ കലാജാഥ ഉദ്ഘാടനം ചെയ്തു. സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഗാനശില്പങ്ങൾ, ചൊല്കാഴ്ച, ലഘു നാടകങ്ങൾ, നൃത്തശില്പങ്ങൾ എന്നിവയാണ് കലാ ജാഥയിൽ കുട്ടിക്കലാകാരന്മാർ അവതരിപ്പിച്ചത്. ആനുകാലിക പ്രസക്തിയുള്ള വൈവിധ്യമർന്ന പരിപാടികൾ കോർത്തിണക്കി ഒന്നരമണിക്കൂറുള്ള കലാ വിരുന്നാണ് വേനൽത്തുമ്പി കലാജാഥയിൽ അവതരിപ്പിച്ചത്. ബാലസംഘം ഏരിയ കൺവീനർ സി.എൻ.എൻ നമ്പി, രക്ഷധികാരി സി.പ്രസാദ്, ജാഥക്യാപ്ടൻ കെ.എം ഐശ്വര്യ, മാനേജർ നിധിൻ ഓടമ്പള്ളി എന്നിവരും 21വേനൽ തുമ്പികൾക്കൊപ്പം പരിപാടികളിൽ പങ്കെടുത്തു.