
മാന്നാർ: വഴിയരികിൽ നിന്നും വീണുകിട്ടിയ പണവും വിലപ്പെട്ടരേഖകളും അടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ അന്വേഷിച്ച് കണ്ടെത്തി നൽകി. മാന്നാർ കുട്ടമ്പേരൂർ ഊട്ടുപറമ്പ് സ്‌കൂളിന് കിഴക്ക് ആശിർവാദ് വർക്ക്ഷോപ് നടത്തുന്ന വിഷവർശ്ശേരിക്കര പോളയിൽ കിഴക്കേതിൽ മാതുവിന് (32,വിനീത്) ആലുമ്മൂട് ജംഗ്ഷന് സമീപത്ത് നിന്നുമാണ് പണവും വിലപ്പെട്ടരേഖകളും അടങ്ങിയ പേഴ്‌സ് ലഭിച്ചത്. അയ്യായിരത്തിൽ അധികം രൂപയും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്ന പേഴ്സിൽ ഉടമസ്ഥനെ ബന്ധപ്പെടാനുള്ള യാതൊരു വഴിയും ലഭിച്ചിരുന്നില്ല. അടുത്തുള്ള കടയിലെത്തിയ രണ്ടു മൂന്നു കുട്ടികളാണ് സോഷ്യൽ മീഡിയയിൽ പേഴ്‌സ് നഷ്ടപ്പെട്ട വിവരം ആരോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പറയുന്നത്. അവരിലൂടെ കിട്ടിയ ഫോൺ നമ്പരിൽ പേഴ്സ് ഉടമ കാറ്ററിംഗ് ജീവനക്കാരനായ കുട്ടംപേരൂർ കുന്നത്തൂർ കളീയ്ക്കൽ വിഷ്ണുവിനെ കണ്ടെത്തിയത്. ഡി.സി.സി അംഗവും കോൺഗ്രസ് സേവാദൾ ജില്ലാ വൈസ് പ്രസിഡന്റുമായ ടി.എസ് ഷെഫീക്കിന്റെ സാന്നിധ്യത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം അശോകൻ വിഷ്ണുവിന് പേഴ്‌സ് കൈമാറി.