congres

ചാരുംമൂട് (ആലപ്പുഴ) : കോൺഗ്രസ് - സി.പി.ഐ സംഘർഷാവസ്ഥ നിലനിൽക്കുന്ന ചാരുംമൂട്ടിൽ പ്രതിഷേധ പ്രകടനത്തിനിടെ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിനടുത്തേക്ക് പോകാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ചാരുംമൂട് ജംഗ്ഷനിൽ ജീവകാരുണ്യ പ്രവർത്തകർ സ്ഥാപിച്ചിരുന്ന ഭക്ഷണ അലമാരയും കോൺഗ്രസ് പ്രകടനത്തിനിടെ എറിഞ്ഞു പൊട്ടിച്ചു.

കോൺഗ്രസ് ഓഫീസിനടുത്ത് സി.പി.ഐക്കാർ സ്ഥാപിച്ച കൊടിമരം നീക്കുന്നതുമായുള്ള തർക്കത്തെ തുടർന്നാണ് ബുധനാഴ്ച വൈകിട്ട് സി.പി.ഐ, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. പൊലീസുകാരുൾപ്പെടെ 25ഓളം പേർക്ക് പരിക്കേറ്റിരുന്നു. കോൺഗ്രസ് നൂറനാട് ബ്ളോക്ക് കമ്മിറ്റി ഓഫീസ് സി.പി.ഐ പ്രവർത്തകർ തകർക്കുകയും സി.പി.ഐയുടെ കൊടിമരം കോൺഗ്രസ് പ്രവർത്തകർ പിഴുതുമാറ്റുകയും ചെയ്തിരുന്നു.

നാലു കേസുകൾ

ചാരുംമൂട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ കോൺഗ്രസ് - സി.പി.ഐ സംഘർഷത്തിൽ പൊലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തു. കോൺഗ്രസ് ഓഫീസ് തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും സി.പി.ഐ പ്രവർത്തകർക്കെതിരെയും സി.പി.ഐ പ്രവർത്തകരെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന നാല്പതോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെയുമാണ് നൂറനാട് പൊലീസ് കേസെടുത്തത്. കുറച്ചുപേർ കസ്റ്റഡിയിലുണ്ടെന്നും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന് അക്രമികളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഹർത്താൽ : ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് അടപ്പിക്കാൻ ശ്രമം

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് തകർത്തതിലും കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിലും പ്രതിഷേധിച്ച് കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. തുറന്ന കടകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.രാവിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാർ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. പൊലീസെത്തി പ്രവർത്തകരെ തടഞ്ഞു.

സംഘർഷം സൃഷ്ടിച്ചത് കോൺഗ്രസ് : സിപിഐ

സി.പി.ഐയുടെ കൊടിമരം തകർക്കുന്ന സമയം സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ച് അണികളെ അണിനിരത്തി ചാരുംമൂട്ടിൽ സംഘർഷം സൃഷ്ടിച്ചത് കോൺഗ്രസ് നേതാക്കളാണെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സി.പി.ഐ പ്രവർത്തകരെ അദ്ദേഹം സന്ദർശിച്ചു. ജില്ലാ എക്സിക്യുട്ടിവ് അംഗം എസ്.സോളമൻ, മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗം അനുശിവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

സർക്കാർ സ്പോൺസേഡ് ആക്രമണം: ബാബുപ്രസാദ്

43 വർഷമായി പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഓഫീസിന് മുന്നിൽ കൊടിമരം സ്ഥാപിച്ച് സി.പി.ഐ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ് പറഞ്ഞു. പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ നിഷ്ക്രിയമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.