മാന്നാർ: മാന്നാറിൽ നിന്നും പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്ത അറുപതോളം പേർക്ക് ഭക്ഷ്യ വിഷബാധയുണ്ടായതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ഏപ്രിൽ 27ന് മാന്നാർ കുട്ടമ്പേരൂരിൽ നിന്നും വരനോടൊപ്പം വിവാഹത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടാത്. ആരോഗ്യപ്രശ്നങ്ങളുണ്ടായ പത്തോളം പേർ മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിലും കടപ്രയിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടിയിരുന്നു. മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിരുന്നു. വിവാഹം നടന്നസ്ഥലത്ത് അന്വേഷണം നടത്തിയെങ്കിലും ഭക്ഷ്യ വിഷബാധക്ക് കാരണമായതൊന്നും ലഭിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. വിവാഹത്തിൽ പങ്കെടുത്തവർ വഴിയോര കച്ചവടക്കാരിൽ നിന്നും കുപ്പിവെളളം വാങ്ങിക്കുടിച്ചിരുന്നു.വെള്ളത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായും സംശയമുണ്ട്.