ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് ഇന്ന് ജില്ലയിൽ തുടക്കമാകും. ആദ്യ ക്ലാസ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിൽ നടക്കും. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുകൾ വഴിയാണ് ജില്ലയിലെ 22000 രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുള്ള സ്കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് ഒന്നാം ഘട്ടമായി വിവിധ ബാച്ചുകളായി തിരിച്ച് 20 വരെ പരിശീലനം നൽകുന്നത്. ഓരോ സ്കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നാലു കുട്ടികളും, കൈറ്റ് മാസ്റ്റർമാരായ അദ്ധ്യാപകരും പരിശീലനത്തിന് നേതൃത്വം നൽകും. അര മണിക്കൂർ വീതമുള്ള അഞ്ച് സെഷനുകളുണ്ടാവും.