ambala

അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ പുളിക്കൽ പാടശേഖരത്തിന്റെ പടിഞ്ഞാറെ ബണ്ട് റോഡിൽ തമ്പടിക്കുന്ന മയക്കുമരുന്ന് സംഘങ്ങൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. രാവിലെയും വൈകിട്ടും ഇവരെ പേടിച്ച് സ്ത്രീകളും കുട്ടികളും ഇതുവഴി യാത്ര ചെയ്യാറില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡിൽ വഴിവിളക്കുകൾ തെളിയാത്തതും യാത്രക്കാർ കുറവായതും റോഡരികിലെ മരങ്ങളുടെ താഴെ തമ്പടിക്കുന്നതിന് സാമൂഹ്യവിരുദ്ധർക്ക് തുണയാകുന്നു. പാടശേഖരത്തിന്റെ ചിറയിലെ തെങ്ങുകളിലെ കരിക്കുകളും ഇക്കൂട്ടർ മോഷ്ടിക്കുന്നുണ്ടെന്ന് കർഷകരും പരാതി പറയുന്നു. വൈകിട്ട് 5 ഓടെ ചൂണ്ടയിടാൻ എന്ന പേരിൽ എത്തുന്ന സംഘം മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച ശേഷം ബഹളം കൂട്ടുന്നതും പതിവാണ്. പൊലീസ് പട്രോളിംഗ് ഊർജ്ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.