ആലപ്പുഴ: ഹൗസ് ബോട്ടിൽ പകരക്കാരനായി ജോലിക്ക് പോയ യുവാവിനെ പുന്നമടക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. നെഹ്റു ട്രോഫി വാർഡ് അനീഷ് ഭവനിൽ അനീഷ് ആനന്ദൻ (42)ആണ് മരിച്ചത്. മുമ്പ് ഹൗസ് ബോട്ട് ജീവനക്കാരനായിരുന്ന അനീഷ് കുറച്ച് നാളായി മത്സ്യത്തൊഴിലാളിയായിരുന്നു. കഴിഞ്ഞദിവസം ഒരു ഹൗസ് ബോട്ടിലെ ജീവനക്കാരൻ അവധിയായതിനെ തുടർന്ന് പകരക്കാരനായാണ് അനീഷ് ജോലിക്ക് പോയത്. രാത്രി 8 മണിയോടെ ഭാര്യയെ വിളിച്ച് ഉടൻ വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. തിരുമല ഭാഗത്ത് ബോട്ട് അടുപ്പിച്ച ശേഷം അക്കരെയുള്ള വീട്ടിലേക്ക് ചെറിയ വള്ളത്തിലാണ് അനീഷ് പോകാറുള്ളത്. ഈ യാത്രയ്ക്കിടെ വെള്ളത്തിൽ വീണതാകാം അപകട കാരണമെന്നാണ് പൊലീസ് നിഗമനം. അനീഷിന്റെ ചെരുപ്പ് മാത്രമടങ്ങിയ വള്ളം കായലിൽ ഒഴുകി നടക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ കുടുംബം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ്, ഫയർ ഫോഴ്സ് സ്കൂബാ ടീമംഗങ്ങൾ രാവിലെ 7.30 മുതൽ കായലിൽതിരച്ചിലാരംഭിച്ചിരുന്നു. ഉച്ചയ്ക്ക് 2.15ഓടെ പോഞ്ഞിക്കര ഭാഗത്താണ് മൃതദേഹം പൊങ്ങിയത് ശ്രദ്ധയിൽപ്പെട്ട ശിക്കാര വള്ളക്കാരാണ് ശരീരം കരയ്ക്കെത്തിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്കു ശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. മാലുവാണ് ഭാര്യ.