ആലപ്പുഴ: കാത്തിരിപ്പിന്റെ നാളുകൾക്കൊടുവിൽ റവന്യു മന്ത്രി നേരിട്ട് കൈമാറിയ പട്ടയം കണ്ടു ബോധ്യപ്പെടാനായില്ലെങ്കിലും വേണുക്കുട്ടന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്ധ ദമ്പതികളായ വേണുക്കുട്ടനും സുലോചനയ്ക്കും താമസിക്കുന്ന മൂന്നര സെന്റ് സ്ഥലത്തിന് ഇന്നലെ ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പട്ടയ മേളയിൽ പട്ടയം നൽകിയത്. ചെങ്ങന്നൂർ മുളക്കുഴ വലിയപറമ്പ് കോളനിയിൽ താമസിക്കുന്ന ഇവർ പട്ടയത്തിനായി പലവട്ടം അപേക്ഷ നൽകിയിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം തീരുമാനം വൈകുകയായിരുന്നു. ഇന്നലെ സദസിൽ വേണുക്കുട്ടന്റെ അരികിലെത്തിയാണ് മന്ത്രി പട്ടയം കൈമാറിയത്. പട്ടയം ലഭിച്ച സാഹചര്യത്തിൽ മതിയായ സൗകര്യങ്ങളില്ലാത്ത കൊച്ചു വീട് പുതുക്കി പണിയുന്നതിന് സഹായം ലഭിക്കുന്നതിന് വഴിതേടുമെന്ന് മുറുക്കാൻ കട നടത്തി ജീവിക്കുന്ന വേണുക്കുട്ടൻ പറഞ്ഞു.