
മാന്നാർ: കുരട്ടിശ്ശേരി പാടശേഖരത്തിലെ കുടവെള്ളാരി ബി ബ്ലോക്കിൽ കൊയ്ത്ത് കഴിഞ്ഞ നെല്ല് ,മില്ലുടമകൾ സംഭരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് കർഷകർ പ്രതിസന്ധിയിൽ. സർക്കാർ ഗുണനിലവാര പരിശോധന നടത്തി നൽകിയ ജ്യോതി നെൽ വിത്തുകൾ ഉപയോഗിച്ച് കൃഷിചെയ്ത പാടങ്ങളിലാണ് നെല്ല് സംഭരിക്കാതെ മില്ലുടമകൾ വിട്ടു നിന്നത്. സിവിൽസപ്ലൈസ് കോർപറേഷൻ ചുമതലപ്പെടുത്തിയ പാലക്കാടുള്ള സൂരജ് എന്ന സ്വകാര്യമില്ലിന്റെ ഏജന്റാണ് കൊയ്ത് കൂട്ടിയിരിക്കുന്ന നെല്ല് കൂട്ടുവിത്താണെന്ന് പറഞ്ഞ് സംഭരിക്കാൻ വിസമ്മതിച്ചത്. ഏജന്റ് മാന്നാർ കൃഷി ഓഫീസിലെത്തി കൂട്ടുവിത്താണെന്ന സർട്ടിഫിക്കറ്റും ആവശ്യപ്പെട്ടിരുന്നു. കൃഷി ഓഫീസർ പി.സി.ഹരികുമാർ മന്ത്രി സജിചെറിയാന്റെ ഓഫീസുമായും മങ്കൊമ്പ് നെല്ല്സംഭരണ ഓഫീസുമായും ബന്ധപ്പെട്ടതിനെ തുടർന്നാണ് പ്രശ്ന പരിഹാരമായത്. ഇതേതുടർന്ന് സ്ഥലത്തെത്തിയ നെല്ല് പരിശോധന സംഘം ,പരിശോധനയിൽ നെല്ലിന് യാതൊരു കുഴപ്പവും ഇല്ലെന്ന് കണ്ടെത്തുകയും സർട്ടിഫിക്കറ്റു നൽകുകയും ചെയ്തു. പ്രശ്നത്തിന് പരിഹാരമായതോടെ നെല്ല് സംഭരിക്കാനുള്ള നടപടി സ്വീകരിച്ചു. മന്ത്രി സജിചെറിയാൻ സംഭവം സിവിൽസപ്ലൈസ് മന്ത്രി ജി.ആർ.അനിലിന്റെ ശ്രദ്ധയിൽപ്പെടുത്തി.
.......
'' കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മാർക്കറ്റ് വില ലഭിച്ച നെല്ലാണ് ജ്യോതി. ഗുണ നിലവാരം കുറഞ്ഞതെന്ന പ്രചാരണത്തിലൂടെ സർക്കാരിന് നൽകേണ്ട അരിയിൽ കുറവ് വരുത്താമെന്ന മില്ലുടമകളുടെ ഗൂഢലക്ഷ്യമാണ് ഇതിലൂടെ വെളിവായത്.
പ്രൊഫ.പി.ഡി ശശിധരൻകുരട്ടിശ്ശേരി സംയുക്ത പാടശേഖരസമിതി പ്രസിഡന്റ്
''നെല്ലിന്റെ ഗുണ നിലവാരം കുറച്ച് കാണിച്ച് കർഷകരെ പറ്റിച്ച് ലാഭംകൊയ്യാനുള്ള സ്വകാര്യ മില്ലുടമകളുടെ തന്ത്രമാണ് ഇതിനു പിന്നിൽ.
ബിജു ഇക്‌ബാൽ, കുരട്ടിശ്ശേരി സംയുക്ത പാടശേഖരസമിതി ജോ.സെക്രട്ടറി