മാവേലിക്കര: മിച്ചൻ ജംഗ്ഷൻ വികസനത്തിന്റെ സാമൂഹികാഘാത പഠന റിപ്പോർട്ടിന് വിദഗ് ദ്ധ സമിതിയുടെ അംഗീകാരം. കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി സിവിൽ എൻജിനീയറിംഗ് വിഭാഗത്തിനെയാണ് പഠനത്തിനായി നിയോഗിച്ചത്. പൊതു വാദത്തിലുയർന്ന വിവിധ കക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് വിദഗ്ദ്ധ സമിതിക്ക് മുന്നിൽ സമർപ്പിച്ചത്.
മിച്ചൽ ജംഗ്ഷൻ വികസനത്തിന് 25 കോടി രൂപ 2017-18 ലെ സംസ്ഥാന ബഡ്ജറ്റിലാണ് ഉൾപ്പെടുത്തിയത്. നിലവിലെ ഏഴ് മുതൽ എട്ട് വരെ മീറ്റർ വീതിയുള്ള റോഡ് നടപ്പാതയുൾപ്പെടെ 18 മീറ്ററായി വികസിക്കും. അനുവദിച്ച 25 കോടിയിൽ 22.5 കോടിയും ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരം നൽകുന്നതിനാണ് നീക്കി വച്ചിരിക്കുന്നത്. നിലവിലെ വിപണി വിലയുടെ ഇരട്ടിയും വിജ്ഞാപനം വന്ന തീയതിക്ക് ശേഷമുള്ള 12 ശതമാനം പലിശയും വസ്തു ഉടമകൾക്ക് ലഭിക്കും. തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഡെപ്യൂട്ടി കളക്ടർ ശോഭ അറിയിച്ചു.
മാവേലിക്കര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ രാജഗിരി ഔട്ട് റീച്ച് പ്രോജക്ട് ഡയറക്ടർ മീന കുരുവിളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് വിദഗ് ദ്ധസമിതി യോഗത്തിൽ എൽ.എ ഡെപ്യൂട്ടി കളക്ടർ ശോഭ, മാവേലിക്കര തഹസീൽദാർ എസ്.സന്തോഷ്‌കുമാർ, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സി.എൻജിനീയർ സ്മിത, അസി.എൻജിനീയർ അനീഷ്, മാവേലിക്കര നഗരസഭ ഉപാദ്ധ്യക്ഷ ലളിത രവീന്ദ്രനാഥ്, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അനി വർഗീസ്, സോഷ്യൽ സയന്റിസ്റ്റ് വി.എസ് മരിയ ടെൻസി, കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി പ്രിൻസിപ്പൽ ഷാജൻ കുര്യാക്കോസ്, സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ.ഹരീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു. മിച്ചൽ ജംഗ്ഷൻ വികസനവും സമയ ബന്ധിതമായിത്തന്നെ പൂർത്തീകരിക്കുമെന്നും എം.എസ് അരുൺകുമാർ എം.എൽ.എ പറഞ്ഞു.