ആലപ്പുഴ: ദേശീയ ജലപാതയ്ക്ക് കുറുകെ തോട്ടപ്പള്ളി കൊട്ടാരവടവ് കടത്തിന് സമീപം നിർമ്മിക്കുന്ന നാലുചിറ പാലത്തിന്റെ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരത്തുക വിതരണം നടത്തുന്നതിൽ റവന്യൂ വകുപ്പിന്റെ അലംഭാവത്തിൽ ഭൂഉടമകൾ പ്രതിഷേധിച്ചതിനെത്തുടർന്ന് നിർമ്മാണ ജോലികൾ നിർത്തിവച്ചു.
അപ്രോച്ച് റോഡ് നിർമ്മാണത്തിനായി 25ഭൂഉടമകളുടെ 3.5ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. നിർമ്മാണ ചുമതലയുള്ള കേരളറോഡ് ഫണ്ട് ബോർഡ് നഷ്ടപരിഹാര തുകയായ 4.47കോടി രൂപ സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിന് കൈമാറി. എന്നാൽ നഷ്ടപരിഹാരത്തുക വിതരണം നടത്താൻ റവന്യൂ കമ്മീഷണർ അനുമതി നൽകിയുള്ള ഉത്തരവ് ഇറക്കുന്നതിനുള്ള കാലതാമസം കാരണമാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളറോഡ് ഫണ്ട് ബോർഡ് അധികൃതർ.
# ടൂറിസത്തിന് പ്രാധാന്യം
ടൂറിസ്റ്റുകൾക്ക് ആകർഷണം പകരുന്ന മനോഹരമായ രൂപകല്പനയിൽ പക്ഷിചിറകിന്റെ മാതൃകയിലാണ് പാലം നിർമ്മിക്കുന്നത്. 450മീറ്റർ നീളമുള്ള പാലത്തിന്റെ മദ്ധ്യഭാഗത്ത് ദേശീയ ജലപാതയുടെ മാനദണ്ഡങ്ങൾ പാലിച്ച് 13മീറ്റർ വീതിയിൽ 35മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനുകൾ ഉണ്ട്. 48കോടി രൂപയാണ് ചെലവ്. സ്ഥലത്തിന് 4.47കോടിരൂപ വേറെയും. പാലവും റോഡും പൂർത്തിയാകുന്നതോടെ പുറക്കാട്, തകഴി, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാകും. തോട്ടപ്പള്ളി സ്പിൽവേയിൽ ഗതാഗത തടസം ഉണ്ടായാൽ സമാന്തരപാതയായി ഉപയോഗിക്കാനാകും.
# കരാറുകാർ രണ്ട്
മുൻമന്ത്രി ജി.സുധാകരൻ മുൻകൈയ്യെടുത്താണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പാലം നിർമ്മിക്കാൻ തീരുമാനിക്കുകയും 2019 മാർച്ച് 5ന് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തുകയും ചെയ്തു. 300മീറ്റർ നീളത്തിൽ 38കോടി രൂപയ്ക്കായിരുന്നു കരാർ. 2020 ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ അപ്രോച്ച് റോഡിന്റെ ഭാഗം ചതുപ്പായതിനാൽ ഈ ഭാഗത്ത് കോൺക്രീറ്റ് പാലമായി അപ്രോച്ച് റോഡ് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് പാലത്തിന്റെ നീളം 450മീറ്ററായി എസ്റ്റിമേറ്റ് പുതുക്കി. ആദ്യം സെഗോറോ എന്ന കമ്പനി കരാർ ഏറ്റെടുത്തെങ്കിലും സമയബന്ധിത മായി നിർമ്മാണം പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ഒഴിവാക്കി. റീ ടെൻഡർ ചെയ്തു കെ.വി.ജോസഫ് ആർഡ് സസ് എന്ന കമ്പനിക്ക് കരാർ നൽകി. കേരള റോഡ് ഫണ്ട്ബോർഡ് നിർമ്മാണ ചുമതല ഏറ്റെടുത്തതോടെ ജോലികൾ വേഗത്തിലായി.
........................................
"നഷ്ടപരിഹാരതുക തിട്ടപ്പെടുത്തിയുള്ള നടപടികൾ പൂർത്തികരിച്ചു. ലാൻന്റ് റവന്യൂകമ്മീഷണറുടെ ഉത്തരവ് ലഭിച്ചാൽ ഒരാഴ്ചക്കുള്ളിൽ ഭൂഉടമകൾക്ക് നഷ്ടപരിഹാരം നൽകും. നടപടികൾ വേഗത്തിലാക്കാൻ റവന്യൂമന്ത്രിയുമായി ചർച്ച ചെയ്തു
എച്ച്.സലാം, എം.എൽ.എ
"ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാര തുക അടിയന്തരമായി ഭൂഉടമകൾക്ക് പലിശ സഹിതം വിതരണം ചെയ്യണം. ഭൂമിയുടെ വിലനൽകുന്നതിൽ അധികാരികൾ വാക്കുപാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സ്ഥലമുടമകൾ പാലം പണി തടഞ്ഞത്. പ്രശ്നം പരിഹാരം കണ്ടെത്താൻ ജില്ലാഭരണകൂടം ഇടപെടണം.
എം.എച്ച്.വിജയൻ, മുൻ പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്, പുറക്കാട്.
# പാലം മീറ്ററിൽ
* നീളം: 450
* വീതി: 11
* നടപ്പാത: ഒന്ന് വീതം
...................................
# തൂക്ക് പാലം
* നീളം: 70
* വീതി: 13
* നടപ്പാത: 1.5
* ചെലവ്: 48കോടി
# അപ്രോച്ച് റോഡ്
* ആവശ്യമായ സ്ഥലം: 3.5ഏക്കർ
* നഷ്ടപരിഹാര തുക: 4.47കോടി