അമ്പലപ്പുഴ: കുടുംബസ്വത്തിന്റെ ഒാഹരി കൊടുക്കാത്തതിന് യുവാവ് ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കമ്പിവടിക്ക് അടിച്ചുകൊന്നു. അമ്പലപ്പുഴ തെക്ക് ഒന്നാം വാർഡിൽ കാക്കാഴം വ്യാസ ജംഗ്ഷൻ പുതുവൽ തോട്ടുങ്കലിൽ പരേതനായ കൊച്ചു കേശവന്റെ മകൻ ദുഃഖാർത്ഥൻ എന്നു വിളിക്കുന്ന സന്തോഷാണ് (45) കൊല്ലപ്പെട്ടത്. സഹോദരൻ സിബിയെ (42) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ തീരത്തെ ആളൊഴിഞ്ഞ വീട്ടിൽ ഉറങ്ങുകയായിരുന്ന സുരേഷിന്റെ തലയ്ക്ക് സിബി കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രക്തം വാർന്നൊഴുകി അബോധാവസ്ഥയിലായ സന്തോഷിനെ നാട്ടുകാർ ഉടൻ തന്നെ 108 ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മത്സ്യത്തൊഴിലാളികളായ ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇവർക്കെതിരെ നിരവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മൂന്നു സെന്റ് സ്ഥലത്ത് അമ്മ രതിയും സന്തോഷും സിബിയുമായാണ് താമസിച്ചു വന്നിരുന്നത്. ഇരുവരുടെയും ഭാര്യമാർ വർഷങ്ങൾക്കു മുമ്പേ പിണങ്ങിപ്പോയി. ഏക സഹോദരി സുധ ഭർത്താവ് പ്രേമചന്ദ്രനുമൊത്ത് പുന്നപ്രയിലാണ് താമസം. തന്റെ ഓഹരിയായി ഒരു ലക്ഷം രൂപ വേണമെന്ന് സന്തോഷിനോട് സിബി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന് അമ്മ രതി പറഞ്ഞു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട സിബിയെ അമ്പലപ്പുഴ ഗാബീസ് പമ്പിന് പടിഞ്ഞാറു ഭാഗത്തു നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.