ആലപ്പുഴ: കെറെയിൽ പദ്ധതിയുടെ ഇരകളായിട്ടുള്ളവർ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. പൊലീസിന്റെ മർദ്ദനമേറ്റു വാങ്ങിയവർ തൃക്കാക്കരയിലെ വോട്ടർമാരേ നേരിൽകണ്ട് സർക്കാരിനെതിരെ വിധിയെഴുന്നതിനായി പ്രചരണം നടത്തും. തിരഞ്ഞെടുപ്പ് കെ റെയിലിന്റെ ഭാവി നിശ്ചയിക്കും.
ചാരുംമൂട്ടിൽ സി.പി.ഐ ഗുണ്ടകൾ ആക്രമണം നടത്തിയപ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നു. അക്രമണം നടത്തിയവർക്കെതിരെയല്ല കോൺഗ്രസുകാർക്കെതിരെയാണ് ഇപ്പോൾ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. ആക്രമണം നടത്തിവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാൻ പൊലീസ് തയാറാകണം. വേനൽമഴമൂലം കുട്ടനാട് അപ്പർകുട്ടനാട് മേഖകളിൽ ഉണ്ടായ കൃഷിനാശത്തിൽ നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തി. വിള ഇൻഷുറൻസ് എടുക്കാത്തവർക്കും നഷ്ടപരിഹാരം നൽകുവാൻ സർക്കാർ തയാറാകണം. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തം കണക്കിലെടുത്ത് കൃഷിയെ മെച്ചപെടുത്താനും കർഷകരെ സംരക്ഷിക്കുന്നതിനാമായി ഭരണഘടനാ പരമായ അധികാരമുള്ള കുട്ടനാട് അഗ്രികൾച്ചറൽ സ്റ്റാറ്റ്യൂട്ടറി അതോറട്ടറി രൂപീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, കോൺഗ്രസ് നേതാവ് കോശിഎം.കോശി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.