# പ്രാരംഭഘട്ടത്തിൽ ലക്ഷ്യമിടുന്നത് 15 കോടി നിക്ഷേപവും 750 തൊഴിലവസരങ്ങളും


ആലപ്പുഴ: പുന്നപ്ര വ്യവസായ എസ്റ്റേറ്റിൽ നിർമിച്ച ബഹുനില വ്യവസായ സമുച്ചയത്തിന്റെ ഉദ്ഘാടനനം നാളെ മന്ത്രി പി.രാജീവ് നിർവഹിക്കും. വിവിധോദ്ദേശ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിന്റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നിർമ്മാണോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും.

വൈകിട്ട് 4ന് വ്യവസായ സമുച്ചയ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയും വിശിഷ്ടാതിഥികളായിരിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും.

15 കോടി നിക്ഷേപവും 750 തൊഴിലവസരങ്ങളും

ജില്ലയിൽ വ്യവസായ സംരംഭങ്ങൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് സമുച്ചയം നിർമ്മിച്ചത്. പ്രാരംഭ ഘട്ടത്തിൽ 15 കോടി രൂപയുടെ നിക്ഷേപവും 750 പേർക്ക് തൊഴിലവസരവും സൃഷ്ടിക്കാൻ പുതു സംരംഭങ്ങൾക്ക് കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. 12.86 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പദ്ധതി 4251 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമിച്ചിരിക്കുന്നത്. മൂന്നു നിലകളിലായി 37 മുറികൾ സജ്ജമാക്കിയിട്ടുണ്ട്.