ഹരിപ്പാട്: ദേശീയ പാതയിലെ വാഹനാപകടങ്ങൾ കുറക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ദേശീയപാതാ അധികൃതർക്ക് നൽകുന്നതിന് ജില്ലാ വികസന സമിതിയോട് ശുപാർശ ചെയ്യാൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് വിഭാഗം, ഫിഷറീസ് വകുപ്പ് സംയുക്‌ത പരിശോധനയും കർശന നടപടികളും സ്വീകരിക്കും. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കും. കായംകുളം നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാകാൻ മുനിസിപ്പൽ ട്രാഫിക് കമ്മിറ്റി കൂടി നടപടിയെടുക്കാൻ തീരുമാനിച്ചു. കാർത്തിപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഭൂഗർഭ വകുപ്പിനും ജല അതോറിട്ടിക്കും നിർദ്ദേശം നൽകാൻ തീരുമാനിച്ചു. റവന്യൂ ടവറിലെ പ്രവർത്തന രഹിതമായ ലിഫ്റ്റ് അടിയന്തിരമായി പ്രവർത്തന സജ്ജമാക്കുവാൻ നടപടിയെടുക്കാൻ തീരുമാനിച്ചു. സ്കൂളുകൾക്ക് സമീപം ലഹരി വസ്തുക്കളുടെ ഉപയോഗം കർശന നിരീക്ഷണത്തിനും പരിശോധനക്കും എക്സൈസ് വകുപ്പ് തീരുമാനിച്ചു. മേയ് 31 ന് പുകയില വിരുദ്ധ ബോധവത്കരണ റാലി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കും. ചെറുതന പഞ്ചായത്തിന്റെ വടക്കൻ മേഖലകളിൽ കേരളാ ബാങ്കിന്റെ മൊബൈൽ എ.ടി.എം സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും. ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ.എം.രാജുവിന്റെ അദ്ധ്യക്ഷനായി.