എരമല്ലൂർ: ദേശീയ പാതയിൽ എരമല്ലൂർ കോസ്റ്റൽകവലയിൽ ആദ്യ കാലം മുതൽ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പ് വടക്കോട്ട് മാറ്റി സ്ഥാപിച്ചത് മൂലം ദുരിതത്തിൽ . നിലവിൽ എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും എരമല്ലൂർ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിൽ എത്തി യാത്ര ചെയ്തിരുന്നവർക്ക് മാറ്റി സ്ഥാപിച്ച സ്ഥലത്തേക്ക് എത്തണമെങ്കിൽ ഒരു കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. അസമയത്ത് എത്തുന്ന യാത്രക്കാർ സ്റ്റോപ്പ് മാറ്റം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ചരക്ക് വാഹനങ്ങൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തുടങ്ങിയവ ബസ് ബേയിലുളള, നിലവിലെ ബസ് സ്റ്റോപ്പിൽ പാർക്ക് ചെയ്യുന്നത് മൂലം ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് അപകടസാദ്ധ്യതയേറെയാണ്. എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ മദ്ധ്യ ഭാഗത്തായി സ്ഥിതിചെയ്തിരുന്ന സ്റ്റോപ്പ് വടക്കെ അറ്റത്തേക്ക് മാറ്റിയത് മൂലം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ചെല്ലാനം, എഴുപുന്ന,കരുമാഞ്ചേരി, ചമ്മനാട്,കണ്ണൻ കുളങ്ങര, കാക്കതുരുത്ത്,കുടപുറം തുടങ്ങിയ മേഖലകളിലെ യാത്രക്കാർ കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണ്. ദേശീയ പാതയിൽ വാഹനക്കുരുക്ക് അനുഭവപ്പെടുന്ന അരുർപള്ളി, ക്ഷേത്രം ജംഗ്ഷൻ, കുത്തിയതോട്, തുറവൂർ,പൊന്നാംവെളി തുടങ്ങിയിടങ്ങളിൽ സ്റ്റോപ്പുകൾ പഴയപടി തുടരുകയും ചെയ്യുമ്പോൾ എരമല്ലൂരിലെ സ്റ്റോപ്പ് മാറ്റം നിക്ഷിപ്ത താല്പര്യം സംരക്ഷിക്കാൻ വേണ്ടി യാണെന്നുള്ള പൊതു ജനാക്ഷേപം ഉയർന്നിട്ടുണ്ട്.

.....

# യൂ ടേൺ

ബസ് സ്റ്റോപ്പായി നിശ്ചയിച്ച സ്ഥലത്ത് സമീപമുള്ള പെട്രോൾ പമ്പ്, തൊട്ടു മുന്നിലെ ബാർ ഹോട്ടൽ, ബാർ ഹോട്ടലിനു മുന്നിൽ 'യൂ'ടേണുമാണുളളത് . ഈ യൂടേണിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുള്ള സ്ഥലവുമാണ്.ഇന്ധനം നിറക്കുന്നതിനായി പമ്പിലേയ്ക്ക് കയറിയിറങ്ങുന്ന വാഹനങ്ങൾക്ക് ബസ് സ്റ്റോപ്പ് മൂലം അപകടസാദ്ധ്യതയേറെയാണ്.

.....

''പുതിയ സ്റ്റോപ്പിൽ പലവിധ പോരായ്മകളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. .ബസുകളിൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാനും , സൗകര്യത്തിനായി പഴയ സ്ഥലത്ത് ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം.

(യാത്രക്കാർ)