ആലപ്പുഴ: നഗരത്തിലെ റോഡുകളുടെ വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലേയും മെറ്റൽ ഫില്ലിംഗ് വൈകുന്നതു മൂലം അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കണക്കിലെടുത്ത് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് വിഭാഗത്തോട് അമ്പലപ്പുഴ താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. 21 ടൗൺ റോഡുകളുടെ ടെക്‌നിക്കൽ അനുമതി ലഭിച്ചതായി പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.

അമ്പലപ്പുഴ താലൂക്ക് ഓഫീസിൽ ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ താലൂക്ക് വികസനസമിതി യോഗത്തിൽ ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, അമ്പലപ്പുഴ തഹസിൽദാർ സി.പ്രേംജി, ടി.പി.ശ്രീവിദ്യ , വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായി അഡ്വ. നാസർ.എം.പൈങ്ങാമഠം, വി.എൻ.രവികുമാരൻപിള്ള, തോമസ് കളരിക്കൽ, എം.ഇ.നിസാർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു

# തീരുമാനങ്ങൾ

* മഴക്കാലത്തിനു മുമ്പായി പ്രധാന തോടുകളും കനാലുകളും വൃത്തിയാക്കുക

* കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകി.

* ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ആഴ്ചയിലൊരിക്കൽ സംയുക്ത പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കണം

* മഴക്കാലത്തിനു മുമ്പായി അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റണം

* ലഹരി ഉപയോഗം ഒഴിവാക്കാൻ എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന

* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പ്രാദേശിക കൂട്ടായ്മ ശക്തമാക്കണം

പൊലീസ്/എക്‌സൈസ് റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തണം

* നിത്യോപയോഗ സാധനങ്ങളുടെ വിലവിവര പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണം

* സീറോ ജംഗ്ഷൻ മുതൽ കൈചൂണ്ടി ജംഗ്ഷൻ വരെയുള്ള റോഡ് കയ്യേറ്റവും ഒഴിവാക്കണം

അനധികൃത പരസ്യബോർഡുകൾ സ്ഥാപിച്ചത് ഒഴിപ്പിക്കണം