അമ്പലപ്പുഴ: മണ്ണെണ്ണ വിതരണം വാതിൽപ്പടി ആക്കണമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ മണ്ണെണ്ണ വിതരണം പ്രതിസന്ധി നേരിടുകയാണ്.18 രൂപ വിലയുണ്ടായിരുന്ന മണ്ണെണ്ണയുടെ വില ക്രമാതീതമായി വർദ്ധിച്ച് 84 രൂപ ആയിരിക്കുകയാണ്. 84 രൂപ മുടക്കി വാഹനത്തിൽ റേഷൻ കടയിൽ എത്തിച്ച് കാർഡ് ഉടമകൾക്ക് വിതരണം ചെയ്യണം. 18 രൂപ വില ഉണ്ടായിരുന്നപ്പോൾ കിട്ടിക്കൊണ്ടിരുന്ന 2-10 പൈസ കമ്മിഷനാണ് വില വർദ്ധിച്ചിട്ടും റേഷൻ കട ഉടമകൾക്ക് ലഭിക്കുന്നത്. ഇതിൽ ശക്തമായ പ്രതിഷേധമാണ് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷനുള്ളത്. കമ്മീഷൻ വർദ്ധിപ്പിച്ച് മുടക്കുമുതലിൻ്റെ 10 ശതമാനം കമ്മീഷൻ ലഭിക്കണമെന്നാണ് റേഷൻ കട ഉടമകളുടെ ആവശ്യം. സർക്കാർ നേരിട്ട് റേഷൻ കടകളിൽ മണ്ണെണ്ണ എത്തിച്ചു നൽകണമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ്സ് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് മോഹനൻ ഭരണിക്കാവ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഉണ്ണിക്കൃഷ്ണപിള്ള, താലൂക്ക് വർക്കിംഗ് പ്രസിഡന്റ് എസ്.പ്രഭുകുമാർ, നജ്മൽ ബാബു, സതീശൻ, തോമസ്, അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.