മാവേലിക്കര: പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലെ കണ്ടിയൂർ കരയിലെ പറയ്ക്കെഴുന്നള്ളത്തും കൂടിഎഴുന്നുള്ളത്തും 9, 10 തീയതികളിൽ നടക്കും. 9ന് രാവിലെ 8ന് ഭഗവതിയെ കണ്ടിയൂർ അമ്പലമുക്കിൽ നിന്നും കണ്ടിയൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലേക്ക് സ്വീകരിക്കും. പള്ളിയിൽ വീട്ടിലെ പറയെടുപ്പിനെ തുടർന്ന് അമ്പലമുക്ക് - ആറാട്ടുകടവ് റോഡിന്റെ പടിഞ്ഞാറ് ഭാഗങ്ങളിലെ പറ എടുക്കും.
10ന് രാവിലെ 8.30ന് ഭഗവതിയെ കണ്ടിയൂർ അമ്പലമുക്കിൽ നിന്നും കണ്ടിയൂർ തെക്കേവീട്ടിൽ ശ്രീദേവീക്ഷേത്രത്തിലേക്ക് സ്വീകരിക്കും. ഇവിടെ ഇറക്കി പൂജയും തുടർന്ന് അൻപൊലിയും സ്വീകരിച്ചതിന് ശേഷം അമ്പലമുക്ക് - ആറാട്ട് കടവ് റോഡിന്റെ കിഴക്ക് ഭാഗങ്ങളിലെ പറ എടുക്കും. തുടർന്ന് കണ്ടിയൂർ കളീയ്ക്ക മഠത്തിലെ ഇറക്കി പൂജയ്ക്ക് ശേഷം കുടിഎഴുന്നള്ളത്ത് നടത്തുന്നതിന് വേണ്ടി കണ്ടിയൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.
പിതൃസ്ഥാനീയനായ കണ്ടിയൂർ ശ്രീമഹാദേവനും പുത്രീ സ്ഥാനത്തുള്ള പുതിയകാവ് ഭഗവതിയും വർഷത്തിലൊരിക്കൽ ഒത്തുചേരുന്ന പിതൃ പുത്രി സംഗമവും കൂടി എഴുന്നള്ളത്തും നടക്കും. തുടർന്ന് ഭഗവതി നാലമ്പലത്തിലേക്ക് പ്രവേശിക്കും. പള്ളിവേട്ട ആൽത്തറയിൽ നിന്നും താലപ്പൊലി, വാദ്യമേളങ്ങൾ തുടങ്ങി പോളവിളക്കിന്റെ അകമ്പടിയോടെ നടുക്ക് ആൽത്തറയിൽ എത്തുന്ന ഭഗവതിയെ സ്വീകരിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കണ്ടിയൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലേക്ക് ആനയിക്കും. ആപ്പിണ്ടി, തിരുപന്തം ദർശനത്തിനുശേഷം കണ്ടിയൂർ ക്ഷേത്ര സന്നിധിയിൽ പൂക്കളത്തിൽ 11 വിളക്ക് വച്ച് അൻപൊലി നടത്തും.