ആലപ്പുഴ: മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്‌കൂളിൽ കമ്മ്യൂണിട്ടി ആർട്ട് പ്രോഗ്രാമിന് തുടക്കമായി. മുരളി ചിരോത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കമ്മ്യൂണിട്ടി ആർട്ട് പ്രോജക്ട് കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ, ഡൽഹി അംബേദ്ക്കർ യൂണിവേഴ്‌സിറ്റി എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഇത്തരം ഒരു ആർട്ട് പ്രോജക്ട് നടപ്പിലാക്കുന്നത്. മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ആദ്യദിനത്തിൽ 500ഓളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
മുഖ്യാതിഥിയായി ലോക പ്രശക്തചിത്രകാരൻ ബോസ് കൃഷ്ണമാചാരി സ്‌കൂളിലെത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി.പ്രിയ ടീച്ചർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് സ്വാഗതം പറഞ്ഞു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജിത്ത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സബീനാ, ബിനാലെ എ.ബ.സി പ്രോഗ്രാം കോഡിനേറ്റർ ബ്ലെയ്‌സ് ജോസഫ്, എസ്.എം.സി ചെയർമാൻ സി.എച്ച്.റഷീദ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് സുജാത ടീച്ചർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് നന്ദി പറഞ്ഞു.