തുറവൂർ : പറയകാട് കാനാപറമ്പ് കുടുംബ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും നവീകരണ കലശവും നാളെ തുടങ്ങി 13 ന് സമാപിക്കും. നാളെ വൈകിട്ട് 5.30 ന് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ, പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങൾ വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയെ കാനാപറമ്പ് ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്ന് ചടങ്ങുകൾക്ക് തുടക്കം കുറിച്ച് നാലുകുളങ്ങര ക്ഷേത്രം മേൽ ശാന്തി വാരണം ടി.ആർ.സിജി ഭദ്രദീപ പ്രകാശിപ്പിക്കും. ക്ഷേത്രം തന്ത്രി പി.വി.സുശീലൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. 13 ന് രാവിലെ 7.45 നും 8.15 നും മദ്ധ്യേ യക്ഷിയമ്മയുടെയും ഉപദേവതകളുടെയും പ്രതിഷ്ഠ നടക്കും. പി.വി.സുശീലൻ തന്ത്രി മുഖ്യ കാർമ്മികനാവും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ആർ. സുനിൽകുമാർ , സെക്രട്ടറി വി.ആർ. ബൈജു, ജോയിന്റ് സെകട്ടറി എം. രമണൻ , ട്രഷറർ എം. മോഹനൻ എന്നിവർ അറിയിച്ചു.