ആരോഗ്യ സർവകലാശാലയ്ക്ക് നഴ്സിംഗ് കൗൺസിൽ റിപ്പോർട്ട് നൽകി
ചേർത്തല: ചേർത്തല സേക്രട്ട് ഹാർട്ട് കോളേജ് ഒഫ് നഴ്‌സിംഗിനെതിരെ ലൈംഗിക അധിക്ഷേപമടക്കം പരാതികളുമായി വിദ്യാർത്ഥികൾ. ഈ പരാതികളടങ്ങിയ റിപ്പോർട്ട് നഴ്‌സിംഗ് കൗൺസിൽ ആരോഗ്യ സർവകലാശാലയ്ക്ക് കൈമാറി.
വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നുവെന്ന വിവരത്തെത്തുടർന്ന് നഴ്‌സിംഗ് കൗൺസിലംഗങ്ങൾ കഴിഞ്ഞ ദിവസം കോളേജിൽ നടത്തിയ തെളിവെടുപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും പരാതിയായി ഉന്നയിച്ചത്.. വിദ്യാർത്ഥികളെക്കൊണ്ട് ഡോക്ടറുടെ ചെരുപ്പ് വൃത്തിയാക്കിച്ചുവെന്നും , ശുചിമുറികളും വാർഡുകളും കഴുകിക്കുന്നുവെന്നും, ഹോസ്റ്റൽ ജയിലിന് സമാനമാണെന്നും ഭക്ഷണം മോശമാണെന്നും മൊഴി നൽകിയിട്ടുണ്ട് .മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻപോലും അനുവദിക്കുന്നില്ല.
പരാതികളുടെ അടിസ്ഥാനത്തിൽ കോളേജിൽ അടിയന്തിരമായ പി.ടി.എ യോഗം വിളിച്ചു ചേർക്കാൻ നഴ്‌സിംഗ് കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് 10ന് യോഗം വിളിക്കും.
എന്നാൽ,കോളേജിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എസ്.എച്ച് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാർത്ഥികളാരും ഇത്തരത്തിൽ പരാതികൾ പറഞ്ഞിട്ടില്ല. പരാതികളുണ്ടെങ്കിൽ തിരുത്തുമെന്നും, രക്ഷിതാക്കളുടെ അഭിപ്രായമറിഞ്ഞ് തുടർനടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
പ്രതിഷേധവുമായി യുവജനസംഘടനകൾ
നഴ്‌സിംഗ് കോളേജിനെതിരെ പ്രതിഷേധവുമായി എ.ഐ.വൈ.എഫും യൂത്ത് കോൺഗ്രസും രംഗത്തെത്തി. വൈസ് പ്രിൻസിപ്പലിനെയും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററെയും മാറ്റി നിർത്തിയുള്ള സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഴ്സിംഗ് കോളേജിലേയ്ക്ക് മാർച്ച് നടത്തി. മാർച്ച് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എച്ച് കോളേജ് ഒഫ് നഴ്‌സിംഗിനെതിരായ വിദ്യാർത്ഥികളുടെ പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.രൂപേഷ് ആവശ്യപ്പെട്ടു. ഗവർണർ , ആരോഗ്യ മന്ത്രി, വൈസ് ചാൻസലർ എന്നിവർക്ക് പരാതി നൽകി.