
മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂണിയനിലെ 1530-ാംനമ്പർ ഉളുന്തി ശാഖായോഗം പുതുതായി പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ചുള്ള പീതപതാക ദിനാഘോഷവും പീതാംബര ദീക്ഷ ചടങ്ങും നടന്നു. ഇന്നലെ രാവിലെ 8.30 ന് രമേശൻ ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി എന്നിവയ്ക്ക് ശേഷം ശാഖായോഗം പ്രസിഡന്റ് ഹരിലാൽ ഉളുന്തി പീതപതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ശാഖയിലെ മുഴുവൻ ഭവനങ്ങളിലും പീതപതാക ഉയർത്തി പീതപതാക ദിനാഘോഷം നടത്തി. ക്ഷേത്രംശാന്തി വ്രതനിഷ്ഠരായ 108 പേർക്ക് പീതാംബരദീക്ഷ നൽകി.ശാഖായോഗം വൈസ് പ്രസിഡന്റ് വിജയമ്മ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല മുഖ്യസന്ദേശം നൽകി. ശാഖായോഗം നേതാക്കളായ സുരേന്ദ്രൻ, വിക്രമൻ, രതീഷ്, സോമൻ, ഷിജു, ജയലാൽ, വസുന്ധര, ബിജിൽ രാജ്, അരുൺ പ്രസന്നൻ, ഡോ.കെ.എം പ്രസാദ്, ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ, ഷാജി എന്നിവർ സംസാരിച്ചു. പ്രതിഷ്ഠാ മഹോത്സവകമ്മിറ്റി ജനറൽകൺവീനർ രാജൻ സ്വാഗതവും സെക്രട്ടറി ബാബു നന്ദിയും പറഞ്ഞു. വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ സുജിത്ത് തന്ത്രികളുടെ നേതൃത്വത്തിൽ 11,12,13 തീയതികളിൽ നടക്കും.