
മാന്നാർ: തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയിൽ ആലപ്പുഴ പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പന്നായിപ്പാലത്തിന്റെ അനുബന്ധ റോഡ് താഴ്ന്ന് കുഴികൾ രൂപപ്പെട്ടതോടെ ഭീതിയിൽ യാത്രക്കാർ . മാന്നാർ-കടപ്ര ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി നിർണയിച്ചു പോകുന്ന പാലം പമ്പയാറിന്റെ കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പന്നായിപ്പാലത്തിന്റെ ദുരവസ്ഥ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. പാലത്തിന്റെ വടക്കുഭാഗത്തുള്ള അനുബന്ധറോഡാണ് താഴ്ന്ന് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പാലവും റോഡുമായി ചേരുന്ന ഭാഗത്തുള്ള കുഴികൾ ദൂരെനിന്നും കാണുവാൻ കഴിയാത്തതിനാൽ വേഗതയിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടി ഉണ്ടാകുന്ന അപകടങ്ങൾ പതിവായിരിക്കുകയാണ്. ഇരു ചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത് . പാലത്തിന്റെ തെക്ക് നിന്നുള്ള അനുബന്ധ റോഡും നാളുകൾക്ക് മുമ്പ് താഴ്ന്ന് കുഴികൾ രൂപപ്പെട്ടിരുന്നു. ഈ റോഡ് റീ ടാർ ചെയ്തതോടെ പ്രശ്നത്തിന് പരിഹാരമായി.
......
# പന്നായിപ്പാലം
മാന്നാർ പരുമലക്കടവിൽ നിന്നും ഇരുന്നൂറു മീറ്റർ വടക്കു മാറിയുള്ള പന്നായിപ്പാലം ചക്കുളത്ത് കാവ് ദേവിക്ഷേത്രം, എടത്വാപള്ളി, പരുമല പള്ളി, പനയന്നാർകാവ് ദേവീക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനുള്ള പ്രധാന മാർഗം കൂടിയാണ്.അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ കൈവരികൾ പെയിന്റടിച്ച് മനോഹരമാക്കിയിട്ടുണ്ടെങ്കിലും പലേടത്തും സിമന്റ് അടർന്ന് വീണിരിക്കുകയാണ്. അനുബന്ധ റോഡിലെ കുഴികളിലൂടെ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ പാലത്തിന്റെ ബലക്ഷയത്തിനും കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.
........
'' മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട തിരുവല്ല-മാന്നാർ സംസ്ഥാനപാതയിൽ പന്നായിപ്പാലത്തിലെ കുഴികൾ പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടികൾ സ്വീകരിക്കാത്തപക്ഷം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
(ഷാജി കോവുമ്പുറത്ത്, കോൺഗ്രസ് മാന്നാർ മണ്ഡലം പ്രസിഡന്റ് )
'' തിരക്കേറിയ സംസ്ഥാനപാതയിലെ പ്രധാനപ്പെട്ട പാലത്തിന്റെ അപകടകരമായ അവസ്ഥയിൽ അധികൃതരുടെ നിസംഗത കൂടുതൽ അപകടത്തിലേക്കാണ് വഴി തെളിക്കുന്നത്. എത്രയും വേഗം പരിഹാരമുണ്ടാക്കണം.
(ടി.ആർ ഹാറൂൺ, ട്രഷറർ മാന്നാർ റോട്ടറി ക്ലബ് )