ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്തെ ജലാശയത്തിൽ രൂപപ്പെട്ട മണൽചിറ കുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു. നീരൊഴുക്ക് തടസമായ സ്ഥലത്ത് കാലവർഷത്തിന് മുമ്പ് മണൽ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്. അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യാൻ സർക്കാർ അനുമതിക്കായി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ നടപടികൾ ആരംഭിച്ചു. നേരത്തെ സ്പിൽവേ പാലത്തിനും പൊഴിമുഖത്തിനും ഇടയിലുള്ള ഭാഗത്ത് ആഴം വർദ്ധിപ്പിക്കുന്നതിന് മണൽ നീക്കം ചെയ്യുവാൻ ഒരു മീറ്റർ ക്യൂബിന് 462രൂപ നിരക്കിൽ ചവറ കെ.എം.എം.എൽയാണ് സർക്കാർ അനുമതി നൽകിത്. രണ്ട് ലക്ഷം മീറ്റർ ക്യൂബ് മണലാണ് ഇത്തരത്തിൽ നീക്കം ചെയ്തത്. കഴിഞ്ഞ പ്രളയകാലത്ത് പൊഴിമുഖം കടലിലേക്ക് തുറന്നത്. പൊഴിമുഖം കടലിലേക്ക് തുറന്ന് കിടന്നതിനാൽ കഴിഞ്ഞ വേനൽമഴയിൽ കുട്ടനാട് അപ്പർകുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയർന്നെങ്കിലും അധികം ജലം പൊഴിമുഖം വഴി കടലിലേക്ക് ഒഴുക്കി വിടാൻ കഴിഞ്ഞത് കർഷകർക്ക് ആശ്വാസമായി. ഇപ്പോൾ രൂപപ്പെട്ട മണൽചിറ നീക്കം ചെയ്തില്ലെങ്കിൽ കാലവർഷകാലത്ത് കുട്ടനാട് പ്രളയത്തിൽ മുങ്ങും.

.............

# ആഴം കുറഞ്ഞു

പ്രളയകാലത്ത് ലീഡിംഗ് ചാനലിൽ കിഴക്കൻ വെള്ളത്തിന്റെ വരവിൽ മണലും എക്കലും അടിഞ്ഞ് ആഴം കുറഞ്ഞതിനെ തുടർന്നാണ് ഡ്രഡ്ജിംഗ് ആരംഭിച്ചത്. വീയപുരം പാണ്ടി ഭാഗത്തും സ്പിൽവേ പാലത്തിനും ടി.എസ് കനാലിനും ഇടയിലുള്ള ജലാശയത്തിലെ ആഴം വർദ്ധിപ്പിക്കൽ ജോലി ആരംഭിച്ചത്. ഇതേ കാലയളവിൽ ചവറ കെ.എം.എം.എല്ലിന് കരാർ നൽകിയ ധാതുമണലുള്ള പൊഴിമുഖത്തെ ആഴം വർദ്ധിപ്പിക്കൽ പൂർത്തീകരിച്ചു.

.............

'' പൊഴിമുഖത്ത് കടലിലേക്ക് തുറന്ന് കിടക്കുന്ന ഭാഗത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള അനുമതിക്കായി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. കാലവർഷത്തിന് മുമ്പ് അനുമതി കിട്ടിയില്ലെങ്കിൽ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ അടിയന്തര വർക്കായി പരിഗണിച്ച് മണൽ നീക്കം ചെയ്യും. ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുന്ന ജോലി മൂന്ന് മാസത്തിനുള്ളിൽ പൂർത്തികരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

ബിനു, എക്‌സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ