ആലപ്പുഴ: അവധിക്കാലം ആഘോഷമാക്കാനായി ബീച്ചിലെത്തുന്നവർ സൂക്ഷിക്കുക, ആലപ്പുഴ ബീച്ചിൽ തിരക്ക് വർദ്ധിച്ചതോടെ അപകടങ്ങൾ പതിവാകുന്നു. വെള്ളത്തിൽ വീണുള്ളമരണങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബീച്ചിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിയന്ത്രണം കാറ്റിൽ പറത്തിയാണ് സഞ്ചാരികളുടെ ഒഴുക്ക്. ലൈഫ് ഗാർഡുമാരുടെ അവസരോചിത ഇടപെടൽ മൂലമാണ് പല സന്ദർഭങ്ങളിലും അപകടം ഒഴിഞ്ഞുമാറുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ളവരെ പലപ്പോഴും നിയന്ത്രിക്കാൻ പാടുപെടുകയാണെന്ന് ജീവനക്കാർ. ഭൂരിഭാഗം പേരും കൊച്ചു കുട്ടികളുമായാണ് എത്തുന്നത്. അപ്രതീക്ഷിതമായി തിരയുടെ ശക്തിയിൽ കുട്ടികൾ മാതാപിതാക്കളുടെ കൈയിൽ നിന്ന് പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . ദിനം പ്രതി ടൂറിസ്റ്റ് ബസുകളിൽ നൂറ് കണക്കിന് സഞ്ചാരികളാണ് കൂട്ടമായി ബീച്ചിലെത്തുന്നത്. കിലോമീറ്ററുകളോളം നീളുന്ന ബീച്ചിൽ എല്ലായിടത്തും ഒരേ സമയം കണ്ണെത്തിക്കാൻ ബുദ്ധിമുട്ടുകയാണ് ജീവനക്കാർ. കഴിഞ്ഞ ദിവസങ്ങളിൽ തിരമാലയുടെ ശക്തി കൂടിയിട്ടുണ്ട്. ഇതിന് അനുസരിച്ച് സഞ്ചാരികളെ പരമവധി നിയന്ത്രിക്കാൻ ശ്രമിച്ചാലും പലപ്പോഴും ഫലമുണ്ടാവാറില്ല. കഴിഞ്ഞദിവസം കടൽ കാണാനെത്തിയ ഉത്തരേന്ത്യൻ സംഘത്തിലെ മുത്തശ്ശിയും കൊച്ചുമകളും ലൈഫ് ഗാ‌ർഡുമാരുടെ അവസരോചിത ഇടപെടൽ കൊണ്ടാണ് രക്ഷപെട്ടത്. വേനലവധിക്കാലത്തിന് പുറമേ, സർക്കാരിന്റെ വർഷികാഘോഷത്തിന്റെ ഭാഗമായും ബീച്ചിലെത്തുന്നവരുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്.

.......

* സുരക്ഷ ഇല്ലാതെ ഗാർഡുമാർ

വിവിധ സാങ്കേതിക പരീക്ഷകൾക്ക് ശേഷം ടൂറിസം വകുപ്പിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡുമാർക്ക് സ്ഥിര നിയമനം ഇന്നും അകലെയാണ്. ഇൻഷ്വറൻസും ഇ.എസ്.ഐയും അടക്കമുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. ശാരീരിക അളവെടുപ്പ് മുതൽ എഴുത്തുപരീക്ഷ വരെയുള്ള കഠിന പരീക്ഷണം വിജയിച്ചാണ് ഗാർഡുമാർ ജോലിയിൽ പ്രവേശിക്കുന്നത്. അപകടത്തിൽപ്പെടുന്നവരെ ഏതു സമയത്തും രക്ഷിക്കേണ്ട ചുമതല ഇവർക്കുണ്ട്. പലപ്പോഴും തങ്ങളുടെ സുരക്ഷിതത്വം പോലും വകവയ്ക്കാതെയണ് ലൈഫ് ഗാർഡുകൾ സഞ്ചാരികളെ രക്ഷിക്കുന്നത്. ഷിഫ്റ്റടിസ്ഥാനത്തിൽ എട്ട് മണിക്കൂറാണ് ജോലിയെങ്കിലും ചില അവസരങ്ങളിൽ 12 മണിക്കൂർ വരെ നീളുന്ന സാഹചര്യവുമുണ്ട്.

..........

കടൽ കാണാനെത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. പലരും കുട്ടികളെ അശ്രദ്ധമായാണ് കൈകാര്യം ചെയ്യുന്നത്. അതിൽ ഉത്തരേന്ത്യക്കാരെന്നോ, മലയാളികളെന്നോ വ്യത്യാസമില്ല. എത്ര പറഞ്ഞാലും അനുസരിക്കാതെ വലിയ തിരയിലേക്ക് ഇറങ്ങുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തലാണ്

ലൈഫ് ഗാർഡ്, ആലപ്പുഴ ബീച്ച്