
അമ്പലപ്പുഴ: അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പ് കടുത്ത പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന മത്സ്യ മേഖലയെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.
ഇന്ധന വിലക്കയറ്റം മൂലം വള്ളം ഉടമകൾ പൊറുതി മുട്ടിയ സാഹചര്യത്തിലാണ് ദിവസങ്ങളായി ചുഴലിക്കാറ്റ് മുന്നറിയിപ്പും വരുന്നത്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അസാനി ചുഴലിക്കാറ്റ് കേരള തീരം തൊടില്ലെങ്കിലും മീൻപിടുത്തക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ് കാലാവസ്ഥ കേന്ദ്രം നൽകിയിട്ടുണ്ട്. രണ്ടു ദിവസമായി ജില്ലയുടെ വിവിധ തീരങ്ങളിൽ കടലും ശക്തമാണ്. ഇതു കൊണ്ടു തന്നെ വലിയ വള്ളങ്ങളും തെർമോക്കോൾ ഉപയോഗിച്ചുള്ള പൊന്തുകളും കടലിൽ ഇറക്കിയില്ല.
കഴിഞ്ഞ ആറു മാസമായി മത്സ്യ ക്ഷാമവും തീരത്തെ പട്ടിണിയിലാക്കിയിരിക്കുകയാണ്. പള്ളിത്തോട്, തൈക്കൽ, അർത്തുങ്കൽ, ചെത്തി, ചേന്ന വേലി, കാട്ടൂർ, മാരാരിക്കുളം, തുമ്പോളി, പറവൂർ ഗലീലിയാ, പുന്നപ്ര ചള്ളി, കുപ്പി മുക്ക്, ആനന്ദേശ്വരം, പായൽ കുളങ്ങര, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, വലിയഴീക്കൽ തുടങ്ങിയ തീരങ്ങളിൽ നിന്ന് നൂറു കണക്കിന് വള്ളങ്ങളാണ് സാധാരണ മത്സ്യബന്ധനത്തിന് പോകുന്നത്. ഒരു ചെറിയ വള്ളം കടലിൽ ഇറക്കാൻ കുറഞ്ഞത് 5000 രൂപ ചെലവ് വരും. വലിയ വള്ളമാകുമ്പോൾ ഇതിന്റെ രണ്ടിരട്ടിയാകുമെന്ന് തൊഴിലാളികൾ പറഞ്ഞു. മത്സ്യബന്ധനം നിലച്ചതോടെ അനുബന്ധ തൊഴിലാളികളുടെയും അവസ്ഥ പരിതാപകരമായി. കുട്ട ചുമക്കുന്നവർ, ഐസ് കയറ്റുന്നവർ, തീരത്തെ ചെറുകിട കച്ചവടക്കാർ, മത്സ്യം ലേലം ചെയ്യുന്ന ഇടനിലക്കാർ ഇങ്ങനെ കടലിനെ ആശ്രയിച്ചു ജീവിക്കുന്നവർ എല്ലാം മുഴു പട്ടിണിയിലാണ്. മത്സ്യം വിറ്റിരുന്ന ചന്തക്കടവുകളും ശൂന്യമായി.
...................................
കുറെ മാസങ്ങളായി കടലിൽ കടുത്ത മത്സ്യക്ഷാമമാണ്. യുവാക്കൾ മറ്റു തൊഴിലുകൾ തേടി പോകുകയാണ്. മറ്റു തൊഴിലുകൾ അറിയാത്ത പരമ്പരാഗത മത്സ്യതൊഴിലാളികൾ മാത്രമാണ് നിലവിൽ മത്സ്യബന്ധനത്തിനായി പോകുന്നത്. കാലാവസ്ഥ മുന്നറിയിപ്പ് വരുമ്പോൾ വള്ളങ്ങൾ കടലിൽ ഇറക്കാനാവാതെ പട്ടിണിയിൽ കഴിയേണ്ട ഗതികേടിലാണ് മത്സ്യതൊഴിലാളികൾ.
ഡി. അഖിലാനന്ദൻ, പ്രസിഡന്റ്
എ.കെ.സി.എസ് 51 നമ്പർ കരയോഗം