ph

കായംകുളം: കായംകുളം നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിൽ 13 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ആറ് ഹോട്ടലുകളിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി.

കാട്ടൂസ് കിച്ചണും , സ്വാദ് ഹോട്ടലുമാണ് അടച്ചുപൂട്ടിയത്. കെ.എസ്.ആർ.ടി.സിയുടെ എതിർ വശമുള്ള, ബ്രീസ് ഹോട്ടൽ, മാസ്റ്റർ ഹോട്ടൽ,കാട്ടൂസ് കിച്ചൺ ഹോട്ടൽ മുക്കട, സഫാരി ഹോട്ടൽ, ഹോട്ടൽ സ്വാദ്, മലബാർ ഹോട്ടൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ദിവസങ്ങൾ പഴക്കമുള്ളതും, ഉപയോഗിക്കുവാൻ കഴിയാത്ത നിലയിലുള്ളതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്.

പഴകിയ പൊറോട്ട, ചപ്പാത്തി, ബിരിയാണി, ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്,ചിക്കൻ കറി, ചോറ്, ഫ്രൈഡ് റൈസ്, വട, ഏത്തയ്ക്ക അപ്പം തുടങ്ങിവയാണ് പിടിച്ചെടുത്തത്. കരിഓയിലിന് സമാനമായ എണ്ണയും പിടിച്ചെടുത്തു. ആഹാരസാധനങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്ക് എതിരെ പിഴ ഉൾപ്പടെയുള്ള നിയമ നടപടി സ്വീകരിക്കും. നഗരസഭാ സെക്രട്ടറി ധീരജ് മാത്യുവിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ, ദിലിപ് കുമാർ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ, ഗോപകുമാർ, പത്മനാഭൻ പിള്ള, അരുണിമ എന്നിവർ നേതൃത്വം നല്കി.