kayal

പൂച്ചാക്കൽ: മാനം കറുത്താൽ കരപ്പുറം വടക്കൻ മേഖലയിലെ കായലോരത്ത് താമസിക്കുന്നവർ ആശങ്കയിലാകും. കാലവർഷകെടുതിയിൽ ഓരോ വർഷവും തീരാദുരിതങ്ങളാണ് സമ്മാനിക്കുന്നത്. അറുതിയാകുന്നില്ല. പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി , അരൂക്കുറ്റി എന്നീ ദ്വീപു പഞ്ചായത്തുകളാണ് വെള്ളക്കെട്ടിന്റെ പ്രയാസങ്ങൾ ഏറെ നേരിടേണ്ടി വരുന്നത്. വേമ്പനാട് കായലിൽ ചെങ്ങണ്ട മുതൽ അരൂർ മുക്കം വരെയുള്ള 26 കിലോമീറ്റർ നീളം വരുന്ന കായലോരങ്ങളിൽ വെള്ളപ്പൊക്കെത്തെ ചെറുക്കുവാനുള്ള കൽക്കെട്ടുകൾ പതിനാലു മീറ്റർ മാത്രമാണ്. വെള്ളക്കെട്ട് പരിഹരിക്കാൻ തൈക്കാട്ടുശേരി ബ്‌ളോക്ക് പഞ്ചായത്ത് വിശദമായ കർമ്മ പദ്ധതിക്ക് രൂപം നൽകി സർക്കാരിന് സമർപ്പിച്ചതാണ്. പദ്ധതി അംഗീകരിച്ചു കൊണ്ട് 100 കോടി രൂപ ബഡ്ജറ്റിൽ വകയിരുന്നു. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് ഒരു വർഷമായിട്ടും നടപടി ചുവപ്പ് നാടയിൽ കുരുങ്ങികിടക്കുകയാണ്. പഞ്ചായത്തുകളുടെ പടിഞ്ഞാറുള്ള കൈതപ്പുഴ കായലിന്റെ തീരത്ത് താമസിക്കുന്നവർക്കും മഴക്കാലം ദുരിത കാലമാണ്. കുട്ടൻചാൽ, ഉളവയ്പ്, കുടപുറം തുടങ്ങിയ സ്ഥലങ്ങളിൽ ആഴ്ചകളോളം വെള്ളം കെട്ടി കിടക്കും.

.............

# കല്ലില്ലാത്ത കൽക്കെട്ട്

33 വർഷം മുമ്പ് നിർമ്മിച്ച കൽക്കെട്ടാണ് ഇവിടെയുള്ളത്. പല സ്ഥലങ്ങളിലും കല്ല് പേരിനു പോലുമില്ല. ഓരോ വെള്ളപ്പൊക്കത്തിലും , പ്രളയത്തിലും കല്ലുകൾ ഒലിച്ചു പോവുകയാണ്. പടിഞ്ഞാറും കിഴക്കുമുള്ള ചാലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടൻചാൽ പാലത്തിന്റെ ഇരു കരകളിലും താമസിക്കുന്നവർ ദുരിത കയത്തിലാണ്. പാണാവള്ളിയിലെ അഞ്ചു തുരുത്ത്, വെറ്റ തുരുത്ത് അരൂക്കുറ്റിയിലെ മാട്ടേൽ തുരുത്ത്, വടുതല പടിഞ്ഞാറൻ മേഖല തുടങ്ങിയ കായലോര പ്രദേശങ്ങളിലെ മണ്ണൊലിച്ച് ഫലവൃക്ഷങ്ങൾ കായലിലേക്ക് മറിഞ്ഞു വീഴുക പതിവാണ്.

............

# പലായനം
കാലവർഷക്കെടുതിയിൽ കായലോരത്തുള്ളവർ ദുരിതാശ്വാസക്യാമ്പുകളാണ് ആശ്രയം.
സാമ്പത്തികമായി ഭദ്രതവന്നവർ ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. മൂന്നും നാലും സെന്റിൽ താമസിക്കുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങളാണ് നിലവിലെ താമസക്കാർ.