മാന്നാർ: കുരട്ടിശ്ശേരി പാടശേഖരത്തിലെ കൊയ്തെടുത്ത അയ്യായിരത്തോളം കിന്റൽനെല്ല് സംഭരിക്കാൻ മില്ലുടമകൾ വിസമ്മതിച്ചതിനെത്തുടർന്ന് പാടത്തും വരമ്പത്തും കെട്ടിക്കിടക്കുകയാണെന്നും എത്രയും പെട്ടെന്ന് സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നെല്ലുകൾ സംഭരിക്കാതെ കെട്ടിക്കിടന്നാൽ കർഷകർക്ക് വൻനഷ്ടം സംഭവിക്കുകയും കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കെട്ടിക്കിടക്കുന്ന നെല്ലുകൾ അടിയന്തരമായി മില്ലുടമകൾ സംഭരിച്ചില്ലെങ്കിൽ കർഷകരെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് കോൺഗ്രസ് മണ്ഡലംകമ്മിറ്റി പ്രസിഡന്റുമാരായ ഷാജി കോവുമ്പുറവും, ഹരികുട്ടംപേരൂരും പ്രസ്താവനയിൽ അറിയിച്ചു.