renson

ആലപ്പുഴ: ബൈക്കപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വൈദികൻ ഫാ. റെൻസൺ പൊള്ളയിൽ(41) മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ എറണാകുളം ഞാറയ്ക്കൽ വച്ചാണ് ബൈക്കപകടമുണ്ടായത്.

ചെല്ലാനം പൊള്ളയിൽ തോമസിന്റെയും റോസിയുടെയും മകനാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ചെല്ലാനം സേവ്യർ ദേശ് പള്ളി സെമിത്തേരിയിൽ. ആലപ്പുഴ രൂപതയിലെ അഴീക്കൽ സെന്റ് സേവ്യേഴ്സ് ഇടവകയുടെ താത്കാലിക ചുമതല വഹിക്കുകയായിരുന്നു. ആലപ്പുഴ ബിഷപ്പിന്റെ സെക്രട്ടറി, വൈസ് ചാൻസലർ, ബിഷപ്പ് കൂരിയ നോട്ടറി, കാത്തലിക് ലൈഫിന്റെ എഡിറ്റർ, വട്ടയാൽ സെന്റ് പീറ്റേഴ്‌സ് ഇടവക സഹവികാരി, ജീസസ് ഫ്രട്ടേണിറ്റിയുടെ രൂപത ഡയറക്ടർ, ആലപ്പുഴയിലെ സെന്റ് പീറ്റേഴ്‌സ് കോളേജ് മാനേജർ, ചെട്ടികാട് വിശുദ്ധ മരിയ ഗൊരേറ്റി ചാപ്പലിന്റെ ചാപ്‌ളിൻ, സുവിശേഷ ഭവൻ ഡയറക്ടർ, ആലപ്പുഴ മോർണിംഗ് സ്റ്റാർ സ്‌കൂൾ മാനേജർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

2020 ജൂലായ് മുതൽ ബാംഗ്ലൂരിൽ കാനൻ ലോ പഠനം ആരംഭിച്ചു. പഠനത്തിന്റെ അവധിക്കാലത്താണ് ഈ മാസം 5 മുതൽ അഴീക്കൽ സെന്റ് സേവ്യേഴ്‌സ് ഇടവകയിൽ താത്ക്കാലിക ഉത്തരവാദിത്വത്തോടെ നിയമിതനായത്.