അമ്പലപ്പുഴ: ബൈക്കുകൾ കൂട്ടിയിടിച്ച് ബി.സി.എ വിദ്യാർത്ഥിയായ കരുമാടി നിർമ്മാല്യത്തിൽ അനിൽ കുമാർ- ജിജ ദമ്പതികളുടെ മകൻ ആഷിക് (19) മരിച്ചു. രാവിലെ 10 ഓടെ കരുമാടി ഞൊണ്ടിമുക്കിലായിരുന്നു അപകടം. അമ്പലപ്പുഴയിലേക്ക് പോകുന്ന വഴി എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ആഷിക് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡരുകിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് പരിക്കേറ്റത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർദിശയിൽ വന്ന ബൈക്കിലെ യാത്രക്കാരൻ പുറക്കാട്ട് തെക്കെ അറ്റത്ത് വീട്ടിൽ അനിൽ കുമാർ (51) നെ നിസാര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ബെൽസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ആഷിക് പാസ്പോർട്ട് വെരിഫിക്കേഷനായി ഒരാഴ്ച മുൻപാണ് വീട്ടിൽ എത്തിയത്. പിതാവ് അനിൽകുമാർ സൗദിയിലാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.