ambala

അമ്പലപ്പുഴ: പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു.പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥർ യാതൊരു നടപടി സ്വീകരിച്ചിട്ടില്ല.പഴയ നടക്കാവ് റോഡിൽ കുറവൻതോട് കിഴക്ക് വെള്ളാപ്പള്ളി ട്രാൻസ് ഫോർമറിന് സമീപമാണ് പൈപ്പ് പൊട്ടിയത്.3 മാസത്തിലധികമായി ഈ പൈപ്പ് പൊട്ടി കുടിവെള്ളം ഈ രീതിയിൽ പാഴാകാൻ തുടങ്ങിയിട്ട്. പൊട്ടിയ പൈപ്പിൽ നിന്നൊഴുകുന്ന കുടിവെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുകുകയാണ്. വെള്ളം കെട്ടി നിന്ന് റോഡ് തകർന്നതിനൊപ്പം ട്രാൻസ്ഫോർമറും അപകടാവസ്ഥയിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അടിയന്തിരമായി ഇതിന്റെ തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.