building

ചാരുംമൂട് : ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാതെ ആദികാട്ടുകുളങ്ങരയിലെ ആധുനിക മത്സ്യ മാർക്കറ്റ് . പാലമേൽ പഞ്ചായത്തിൽ കെ.പി.റോഡരികിൽ ആദിക്കാട്ടുകുളങ്ങരയിൽ തീരദേശ വികസന കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആധുനിക മത്സ്യ ചന്ത 2019 ആഗസ്റ്റിൽ മുൻ മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തതാണ്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും മാർക്കറ്റ് തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

2013 നവംബറിലാണ് സംസ്ഥാന തീരദേശ വികസന കോർപറേഷനും നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡും ചേർന്ന് 1.78 കോടി രൂപ ചെലവഴിച്ച് ആധുനിക മത്സ്യ മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. അന്നത്തെ ഫിഷറീസ് മന്ത്രി കെ.ബാബുവായിരുന്നു നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. രണ്ട് നിലകളിലായുള്ള കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചെങ്കിലും ഉദ്ഘാടനം നടത്താത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. തുടർന്ന് ഉദ്ഘാടനം നടത്തിയെങ്കിലും കച്ചവടക്കാർക്ക് മാർക്കറ്റ് തുറന്നുകൊടുക്കാൻ അധികാരികൾ തയ്യാറായില്ല. മൊത്തവ്യാപാരികൾ കടപ്പുറത്തു നിന്നും ശേഖരിക്കുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള വലിയ ഫ്രീസറുകൾ, ഐസ് പ്ലാന്റ്, തൊഴിലാളികൾക്ക് വിശ്രമമുറികൾ, ആധുനിക മാലിന്യ സംസ്കരണ യൂണിറ്റ്, ആവശ്യത്തിനുള്ള ശൗചാലയങ്ങൾ, വാഹന പാർക്കിംഗ് ഏരിയ എന്നിവയെല്ലാം സജ്ജികരിച്ച മത്സ്യ വിപണന കേന്ദ്രമാണിത്. എന്നാൽ മലിനജല സംസ്കരണ കേന്ദ്രവും ഐസ് പ്ലാന്റിൽ തട്ടി പണി നിൽക്കുകയാണ് .

തുടർ നിർമ്മാണത്തിനുള്ള ഫണ്ട് കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടിലാണ് പഞ്ചായത്ത് അധികൃതർ. തുടക്കം മുതൽ അഴിമതി ആരോപണങ്ങളും സ്വകാര്യ വ്യക്തിയുടെ കോടതി ഇടപെടലും കാരണം ഇഴഞ്ഞു നീങ്ങിയ നിർമാണം വർഷങ്ങൾ കഴിഞ്ഞാണ് പൂർത്തിയായത്. പ്രഹസനമായി ഉദ്ഘാടനം നടത്തിയതെന്ന ആരോപണവും ശക്തമായിരുന്നു. എന്നാൽ നാട്ടുകാർക്ക് പ്രയോജനം കിട്ടുന്ന മത്സ്യ വിപണന കേന്ദ്രം തുറന്നു പ്രവർത്തിക്കുവാനുള്ള സാഹചര്യം പാലമേൽ പഞ്ചായത്ത് ഭരണക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ആദിക്കാട്ടുകുളങ്ങരക്കാരുടെയും ആവശ്യം.

.........

'' വർഷങ്ങൾക്കു മുമ്പു ലക്ഷക്കണക്കിനു രൂപ മുടക്കി ആദിക്കാട്ടുകുളങ്ങരയിൽ സ്ഥാപിച്ച ആധുനിക മത്സ്യശേഖരണ - വിപണന കേന്ദ്രം നാട്ടുകാർക്കും മത്സ്യതൊഴിലാളികൾക്കും വേണ്ടി ഉടൻ തുറന്നുകൊടുക്കണം. വിഷ രഹിത മത്സ്യം പ്രദേശവാസികൾക്ക് ലഭ്യമാക്കാൻ ഈ കേന്ദ്രത്തിന്റെ പ്രവർത്തനം സഹായിക്കും.

നവാസ്, ആദിക്കാട്ടുകുളങ്ങര, മത്സ്യവ്യാപാരി .