
മാന്നാർ: വളരെ കാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന അരനൂറ്റാണ്ടിലേറെ പുരാതനവും ചരിത്രപ്രസിദ്ധവുമായ ബുധനൂർ കിഴക്കുംചേരി മഹാവിഷ്ണുക്ഷേത്രക്കുളം നവീകരിക്കുന്നു. ഒരു കാലത്ത് നാല് ഭാഗങ്ങളിലെ കൽപടവും , കുളിപ്പെരയോടും കൂടി ബുധനൂരിന്റെ ശുദ്ധജല സംഭരണി ആയിരുന്ന കുളം. ബുധനൂരിലെ ഭൂരിഭാഗം ജനങ്ങളുടേയും നീന്തൽ പരിശീലനകേന്ദ്രവുമായിരുന്നു. ക്ഷേത്രകുളത്തിന്റെ വിസ്തൃതി നിലവിൽ ഒരു ഏക്കർ 20 സെന്റ് സ്ഥലമാണ്. കുളങ്ങളോടും പുഴകളോടും ജനങ്ങൾക്കുള്ള മനഃസ്ഥിതി മാറിയതോടുകൂടി ഈ കുളവും നാശോന്മുഖമായി. ഇതുമൂലം പരിസരപ്രദേശങ്ങളിലെ കുടിവെള്ളം മലിനമാകുകയും കൊതുകുജന്യരോഗങ്ങൾ വ്യാപകമാകുകയും ചെയ്തു. കുളത്തിന്റെ ഗതകാലപ്രൗഢി വീണ്ടെടുക്കുവാൻ ഒരു നാട് ഒരുമിക്കുകയാണ്. സർക്കാർ ഫണ്ടില്ലാതെ നാട്ടിലെ എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്വത്തോടുകൂടി ഏകദേശം 75 ലക്ഷം രൂപ ചെലവിൽ ജൂൺമാസം അവസാനത്തോടുകൂടി കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണ്. ഇതിനായി കിഴക്കുംചേരി ക്ഷേത്രഭരണസമിതി, ബുധനൂർ ഗ്രാമസേവാപരിഷത്ത്, സേവാഭാരതി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നന്മ വറ്റാത്ത ഉറവ വീണ്ടെടുക്കുവാൻ ക്ഷേത്രകാര്യദർശി രാധാകൃഷ്ണഭട്ടതിരി, ഗ്രാമസേവാപരിഷത്ത് പ്രസിഡന്റ് എ.ബി. ശ്രീകുമാർ ഭട്ടതിരി, സെക്രട്ടറി എ.ജി സജു, സേവാഭാരതി പ്രസിഡന്റ് എം.ആർ ശ്രീകുമാർ, എം.എൻ ശശിധരൻ, എം.ആർ.രാജേഷ്, എം.പ്രമോദ്, കെ.എസ് ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയാണ്.