മാവേലിക്കര: നഗരസഭ ആരോഗ്യ വിഭാഗം നഗരപരിധിയിലെ ഹോട്ടലുകൾ, ബേക്കറികൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ജോയ് കൊച്ചുപറമ്പിലിന്റെ ഉടമസ്ഥതയിലുള്ള ഹോം സ്റ്റേ, വീട്ടിലെ ഊണ് എന്ന സ്ഥാപനത്തിൽ നിന്നും പഴകിയ മത്സ്യം, കുബൂസ്, പൊറോട്ട എന്നിവയും ദുർഗന്ധം വമിക്കുന്ന ആഹാര സാധനങ്ങളും പിടിച്ചെടുത്തു. ബേക്ക് ഹൗസ് എന്ന സ്ഥാപനത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതും പഴകിയതുമായ ഇറച്ചി, പാൽ, എണ്ണ തുടങ്ങിയവയും പിടിച്ചെടുത്ത് നശിപ്പിച്ചു. അനാരോഗ്യകരമായും ശുചിത്വമില്ലാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൂടാതെ ഹെൽത്ത് കാർഡ്, ലൈസൻസ് എന്നിവ എടുക്കുന്നതിനും നിർദ്ദേശിച്ചു. വരുംദിവസങ്ങളിലും നഗരസഭ കർശനമായി ആരോഗ്യപരിശോധന നടത്തുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.