photo

ആലപ്പുഴ: വിളവെടുപ്പു അവസാനഘട്ടത്തിലെത്തിയ കുട്ടനാട്ടിൽ നെല്ലു സംഭരണത്തിനും, ഗതാഗതത്തിനും തടസമായി തോടുകളിൽ പോള നിറയുന്നു. കാവാലം കൈനടി തോട്ടിലാണ് പ്രധാനമായും പോള ദുരിതം . ഇതുമൂലം കർഷകർക്കു കായൽ മേഖലയിലെ കൃഷിയിടങ്ങളിലേക്കു പോകാനും സാധിക്കാതെ വരുന്നതായി പരാതിയുയരുന്നു. തോടുകളിൽ പോള തിങ്ങി നിറഞ്ഞതോടെ സംഭരിച്ച നെല്ലും കയറ്റിവരുന്ന വള്ളങ്ങളുടെ ഗതാഗതവും ദുഷ്‌കരമായി. മാസങ്ങളായി തുടരുന്ന പ്രശ്‌നത്തിനു അടിയന്തിരമായി പരിഹാരം കാണണമെന്നാണ് കർഷകരും നാട്ടുകാരും ഒരുപോലെ ആവശ്യപ്പെടുന്നത്. നേരത്തെ വിളവെടുപ്പാരംഭിക്കും മുമ്പ് ജലാശയങ്ങളിലേ പോള നീക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടർന്ന് ഇറിഗേഷൻ വകുപ്പിൽ നിന്നും പോളനീക്കുന്നതിനായി ലക്ഷങ്ങൾ അനുവദിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. നെല്ലുസംഭരണം ഇനിയും ബാക്കിനിൽക്കുന്ന സാഹചര്യത്തിൽ പോളയും, ഗതാഗതതടസവും നീക്കംചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.