
മാന്നാർ: മാന്നാറിൽ തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുത്തൻപള്ളി ജുമാമസ്ജിദിന് എതിർവശമുള്ള മെട്രോ സിൽക്സ് എന്ന വസ്ത്രാലയത്തിൽ പുലർച്ചെ വൻ തീപിടുത്തമുണ്ടായി. ആളപായമില്ല. ഒരു കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന മെട്രോ സിൽക്‌സിന്റെ പ്രധാന കെട്ടിടത്തിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ വടക്കേ അറ്റത്ത് നിന്നാണ് തീ പടർന്നത്. തുടർന്ന് പ്രധാന കെട്ടിടത്തിന്റെ മുകൾ നിലയിലെ ഗോഡൗണിലേക്കും തീ പടരുകയായിരുന്നു. വിവാഹ വസ്ത്രശേഖരങ്ങളാണ് കൂടുതലും കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
ഇന്നലെ പുലർച്ചെ 5.45 ഓടെ മാന്നാർ ജുമാ മസ്ജിദിൽ പ്രഭാത നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയവരാണ് തീകത്തുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സ്, മാന്നാർ പൊലീസ്, കെ.എസ്.ഇ.ബി എന്നിവിടങ്ങളിൽ സഹായം തേടുകയായിരുന്നു. മാവേലിക്കര, തിരുവല്ല, കായംകുളം, ചെങ്ങന്നൂർ, തകഴി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ നിന്നായി പന്ത്രണ്ടോളം ഫയർഫോഴ്സ് യൂണിറ്റുകളാണ് എത്തിയത്. ആലപ്പുഴ ജില്ലാ ഫയർഓഫിസർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സിനും മാന്നാർ പൊലീസിനുമൊപ്പം സിവിൽ ഡിഫൻസ് അംഗങ്ങൾ, മാന്നാർ എമർജൻസി റെസ്‌ക്യു ടീം അംഗങ്ങൾ, നാട്ടുകാർ എന്നിവർ രണ്ടര മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. മണിക്കൂറുകളോളം സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു.
പാവുക്കര കൊല്ലംതാഴ്ചയിൽ സക്കീർ ഹുസൈന്റെയും മാന്നാർ പുളിക്കലാലുംമൂട്ടിൽ മുഹമ്മദ് കുഞ്ഞിന്റെയും ഉടമസ്ഥതയിലുള്ള രണ്ട് കെട്ടിടത്തിലായിട്ടാണ് വസ്ത്രവ്യാപാരശാല പ്രവർത്തിക്കുന്നത്. ഹരിപ്പാട് സ്വാദേശികളായ അബ്ദുൽ വാഹിദ്, നൗഷാദ്, റഫീക്ക് എന്നിവർ പങ്കാളികളായിട്ടുള്ള വസ്ത്രാലയം ഹരിപ്പാട് പ്രവർത്തിക്കുന്ന മെട്രോസിൽക്കിസിന്റെ ശാഖയാണ്.