photo

ആലപ്പുഴ: ജില്ലയിൽ വിവിധ ആശുപത്രികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നഴ്‌സസ് ദിനാചരണം വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. നഗരത്തിൽ വിവിധ നേഴ്സിംഗ് സംഘടനകളുടെയും നേഴ്സിംഗ് വിദ്യാർത്ഥികളും പങ്കെടുത്ത് സമാധാന സന്ദേശവും ആരോഗ്യ സന്ദേശവുമായി പ്രകടനം നടത്തി. നിശ്ചല ദൃശ്യങ്ങളും ചെണ്ടമേളവും വർണഭംഗിയുള്ള മുത്തുകുടകളും ജാഥയ്ക്ക് പകിട്ടാർന്നു. ആലപ്പുഴ സഹൃദയ ആശുപത്രിയിലെ നഴ്‌സസ് ദിനാചരണം നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റോ ആന്റണി,ഡോ. എസ്.ഗോവിന്ദ് എന്നിവർ സംസാരിച്ചു. മികച്ച നഴ്‌സുമാർക്ക് നൈറ്റിംഗേൽ ഒഫ് ദ ഇയർ സമ്മാനം നൽകി. മുതിർന്ന നഴ്‌സുമാരെ ചടങ്ങിൽ ആദരിച്ചു. ചേപ്പാട് കന്നിമേൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലോക നഴ്‌സസ് ദിനം ആചരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവനം അനുഷ്ഠിച്ച ദീപാ രവീന്ദ്രനെ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ.വിജയകുമാർ ആദരിച്ചു. സെക്രട്ടറി എസ്.മഹാദേവൻപിള്ള, ലൈബ്രേറിയൻ എസ്.ശ്രീദേവി, പി.അരവാന്ദാക്ഷൻ, റിച്ചാർഡ് അലോഷ്യസ്, എ.ഉണ്ണികൃഷ്ണൻ, എസ്.നിരഞ്ജന തുടങ്ങിയവർ പങ്കെടുത്തു. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റ ആഭിമുഖ്യത്തിൽ ചെട്ടികാട് താലൂക്ക് ആശുപത്രിയിൽ നഴ്സസ് ദിനാചരണവും സമർപ്പിത സേവനം ചെയ്യുന്ന നഴ്‌സ്മാരെ ആദരിക്കലും നടത്തി. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റോജസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.ടി.പ്രതിഭ, അഡ്വ. പ്രദീപ് കൂട്ടാല, ഗോപകുമാർ ഉണ്ണിത്താൻ, രാജീവ് വാര്യർ, ജിൻസി റോജസ് എന്നിവർ സംസാരിച്ചു.