ആലപ്പുഴ: കാത്തിരിപ്പിനൊടുവിൽ ചുങ്കം - പള്ളാത്തുരുത്തി റോഡ് യാഥാർത്ഥ്യമായപ്പോൾ കുരുക്കായി കേബിളുകൾ. പുതിയ റോഡ് ഉയർന്നതിനാൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി കേബിൾ വയറുകൾ താഴ്ന്ന് കിടക്കുകയാണ്. റോഡ് നിർമ്മാണ പൂർത്തിയായപ്പോൾ, ആനുപാതികമായി കേബിളുകൾ പൊക്കി കെട്ടാത്തതാണ് പ്രശ്നത്തിന് കാരണം. ചുങ്കം മുതൽ പള്ളാത്തുരുത്തി ഔട്ട്പോസ്റ്റ് വരെയുള്ള ഭാഗത്ത് പലയിടത്തായി കേബിളുകൾ ജനങ്ങളുടെ തലപ്പൊക്കം വരെ ചാഞ്ഞ് നിൽക്കുകയാണ്. ദിനം പ്രതി നിരവധി ടൂറിസ്റ്റ് ബസുകളടക്കം ഈ വഴി സഞ്ചരിക്കുന്നത് . ഓരോ വലിയ വാഹനങ്ങളും കേബിളുകളിൽ തട്ടി പൊട്ടാതിരിക്കാൻ വടി ഉപയോഗിച്ച് കേബിൾ പൊക്കി കൊടുത്താണ് സഞ്ചരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ സർവീസ് കേബിളടക്കം പോകുന്ന വഴിയാണ്. ഇരുമ്പ് വടി വരെ ഉപയോഗിച്ച് കേബിളുകൾ പൊക്കി കൊടുക്കുന്നത് അപകടത്തെ ക്ഷണിച്ചു വരുത്തുകയാണെന്നാണ് പ്രദേശിവാസികൾ പറയുന്നത്. ഇവ ഉയർത്തിക്കെട്ടണമെന്ന് പല തവണ ആവശ്യം അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമുണ്ടായിട്ടില്ല. പല സ്ഥലത്തും സർവ്വീസ് കേബിളുകൾ പൊട്ടി വീഴുന്നുമുണ്ട്. പുതിയ പോസ്റ്റ് സ്ഥാപിച്ചിട്ടും ലൈൻ മാറ്റിക്കൊടുക്കുന്നില്ലെന്നതാണ് പ്രധാന പരാതി.
...........
'' ദിവസേന നിരവധി ടൂറിസ്റ്റ് ബസുകളടക്കം സഞ്ചരിക്കുന്ന വഴിയാണ്. ഓരോ വാഹനത്തിലും ഉടക്കി കേബിളുകൾ പൊട്ടി വീഴുന്നത് പതിവാണ്. പല തവണ പരാതിപ്പെട്ടിട്ടും കേബിളുകൾ പൊക്കി സ്ഥാപിക്കാനോ, ലൈൻ മാറ്റിക്കൊടുക്കാനോ തയ്യാറായിട്ടില്ല.
വിദ്യാധരൻ, പ്രദേശവാസി