sd

ആലപ്പുഴ: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആലപ്പുഴ സനാതന ധർമ്മ കോളേജിന് ഇരട്ടി മധുരമായി അന്താരാഷ്ട്ര ഗവേഷക സംഘത്തിന്റെ സന്ദർശനം. കുട്ടനാട്ടിലുൾപ്പടെ ഇന്ത്യയിലെ വിവിധ ജലാശയങ്ങളിലെ കുളവാഴ വ്യാപനം സാറ്റലെറ്റ് (ഉപഗ്രഹ) സാങ്കേതിക വിദ്യ അടക്കമുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സന്ദർശനം.

സ്‌കോട്‌ലാന്റിലെ സ്റ്റിർലിംഗ്, സ്ട്രാത്‌ക്ലൈഡ് സർവ്വകലാശാലകൾ, ഹെദരാബാദിലെ അന്താരാഷ്ട്ര കൃഷി ഗവേഷണ കേന്ദ്രം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്, ചണ്ഡീഗഡ് കേന്ദ്ര ശാസ്ത്ര ഉപകരണ ഗവേഷണ കേന്ദ്രം എന്നിവരാണ് ഗവേഷണ പദ്ധതിയിലെ മറ്റ് പങ്കാളികൾ. 3 ലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 3 കോടിയിലധികം രൂപ) 2023 ഒക്ടോബർ മാസം വരെ കാലാവധിയുള്ള പദ്ധതിയ്ക്കുള്ള ധനസഹായം. ജന്തുശാസ്ത്ര വിഭാഗം അദ്ധ്യാപകനും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനുമായ ഡോ.ജി.നാഗേന്ദ്ര പ്രഭുവാണ് കോളേജിന്റെ പ്രതിനിധി. ഡോ.സാവിത്രി മഹാരാജ്, ഡോ.അർമാന്റൊ മറീനോ, പ്രൊഫ. ആഡം ക്ലെക്കോവ്‌സ്‌കി, ഡോ.ദീപായൻ ഭൗമിക്, ഡോ.ആർ.ശ്രീകാന്ത്, ഡോ.അവിരാജ് ദത്ത, സൗരവ് കുമാർ പാണ്ഡെ, ഡോ.വാഹിദ് അക്ബറി എന്നിവരാണ് പഠന-ഗവേഷണ സംഘാംഗങ്ങൾ. എസ്.ഡി.വി പ്രസിഡന്റ് ആർ. കൃഷ്ണൻ, സെക്രട്ടറി എൻ. നീലകണ്ഠൻ, കോളേജ് മാനേജർ പി.കൃഷ്ണകുമാർ, ലെയ്‌സൺ ഓഫീസർ നാരായണൻ നമ്പൂതിരി, പ്രിൻസിപ്പൽ - ഇൻ-ചാർജ് ഡോ.സരസ്വതി അന്തർജനം, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഇ. കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരുമായി സംഘം ആശയ വിനിമയം നടത്തി. ഡോ.ജി. നാഗേന്ദ്ര പ്രഭു സ്വാഗതവും കോളേജ് ഐ.ക്യൂ.എ. സി. ജോയിന്റ് കോ ഓർഡിനേറ്റർ ഡോ. എം.കൃഷ്ണൻ നന്ദിയും പറഞ്ഞു.