kshetra-samarppanam

മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂണിയനിലെ 1530-ാം നമ്പർ ഉളുന്തി ശാഖായോഗം പുതുതായി പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും നടന്നു. ബുധനാഴ്ച തുടങ്ങിയ പ്രതിഷ്ഠാ വൈദീക ചടങ്ങുകൾക്ക്ശേഷം ഇന്നലെ രാവിലെ 7.30നും 8.15നും മദ്ധ്യേയുള്ള ശുഭമുഹുർത്തത്തിൽ ക്ഷേത്രംതന്ത്രി സുജിത്തിന്റെ മുഖ്യകാർമ്മികത്വത്തിലും ശിവഗിരിമഠം സന്യാസിശ്രേഷ്ഠൻ അസ്പർശാനന്ദ സ്വാമി മുഖ്യ സാന്നിധ്യത്തിലും മന്ത്രമുഖരിതമായ അന്തരീഷത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നു. രാവിലെ 5.30ന് ഗുരുസുപ്രഭാതം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നവശക്തി ഹോമം, പ്രതിഷ്ഠാ ഹോമം, അധിവാസ ഉഷഃപൂജ, പ്രാസാദ പ്രതിഷ്ഠ, പ്രതിഷ്ഠാ പൂർവ്വാഗ ക്രിയകൾ, മുഹുർത്ത പാണി എന്നിവയ്ക്ക് ശേഷമാണ് പ്രതിഷ്ഠ നടന്നത്. തുടർന്ന് ജീവകലശാഭിഷേകം,വിശേഷാൽ മഹാഗുരുപൂജ, മഹാനിവേദ്യം, തൃപ്പാദകാണിക്ക, മഹാ ദീപാരാധന, ദക്ഷിണ, മംഗളാരതി എന്നിവയോടെ പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായി. ക്ഷേത്രസമർപ്പണവും സമ്മേളന ഉദ്ഘാടനവും യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ നിർവ്വഹിച്ചു. ശാഖാ യോഗം പ്രസിഡന്റ് ഹരിലാൽ ഉളുന്തി അദ്ധ്യക്ഷത വഹിച്ചു. അസ്പർശാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല മുഖ്യസന്ദേശം നൽകി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ നുന്നു പ്രകാശ്, ഹരിപാലമൂട്ടിൽ, വനിതാ സംഘം യൂണിയൻ നേതാക്കളായ ശശികലാ രഘുനാഥ്, സുജാത ടീച്ചർ, പുഷ്പാ ശശികുമാർ, ശാഖായോഗം നേതാക്കളായ വിജയമ്മ, വസുന്ധര, ബിജിൽ രാജ്, അരുൺ, സുരേന്ദ്രൻ എം.കെ, അജിത്, വിക്രമൻ, രതീഷ്, സോമൻ, ഷിജു, ജയലാൽ എന്നിവർ സംസാരിച്ചു.ശാഖ യോഗം സെക്രട്ടറി ടി.ബാബു സ്വാഗതവും പ്രതിഷ്ഠാ മഹോത്സകമ്മിറ്റി ജനറൽ കൺവീനർ എം.രാജൻ നന്ദിയും പറഞ്ഞു.