
മാന്നാർ: ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാന്നാർ പന്നായിപ്പാലത്തിലെ അപകടക്കുഴി താത്കാലികമായി അടച്ചു. തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിലെ ഏറ്റവും പ്രധാനപ്പെട്ട പാലമായ പന്നായിപ്പാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മാന്നാർ-കടപ്ര ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി നിർണയിച്ച് പോകുന്ന പാലത്തിന്റെ വടക്കുഭാഗത്തുള്ള അനുബന്ധറോഡ് താഴ്ന്ന് രൂപപ്പെട്ട അപകടക്കുഴിയിലൂടെ ഭീതിയോടെയാണ് ജനങ്ങൾ യാത്രചെയ്തിരുന്നത്. പാലവും റോഡുമായി ചേരുന്ന ഭാഗത്തുള്ള കുഴികൾ ദൂരെനിന്നും കാണാൻ കഴിയാത്തതിനാൽ വേഗതയിൽ എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ പതിവായിരുന്നു. കൗമുദി വാർത്ത വന്നതിനു പിന്നാലെ അപകടക്കുഴിയുള്ള ഭാഗം താത്കാലികമായി മെറ്റിലിട്ട് ടാർ ചെയ്യുകയായിരുന്നു. പാലത്തിന്റെ കൈവരികളുടെ ചില ഭാഗങ്ങൾ സിമന്റ് അടർന്നും കോൺക്രീറ്റ് തകർന്നും നിലയിലാണ്. പന്നായിപ്പാലത്തിനു അരനൂറ്റാനിലേറെ പഴക്കമുണ്ട്. ചക്കുളത്തുകാവ് ദേവീക്ഷേത്രം, എടത്വാപള്ളി, പരുമലപ്പള്ളി, പനയന്നാർകാവ് ദേവീക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനുള്ള പ്രധാന മാർഗം കൂടിയായ പന്നായിപ്പാലത്തിലെ അപകടക്കുഴി താത്കാലികമായെങ്കിലും അടച്ചതിൽ ആശ്വാസത്തിലാണ് യാത്രക്കാർ.