ആലപ്പുഴ: കുട്ടനാടൻ മേഖലയിലെ യാത്രാ ബോട്ടുകൾക്ക് ടൂറിസം മേഖലയിലുള്ള സാദ്ധ്യതകളെ പരിചയപ്പെട്ടുത്തി ജലഗതാഗത വകുപ്പ്. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശനവിപണന മേളയിലെ ജലഗതാഗത വകുപ്പിന്റെ സ്റ്റാൾ സന്ദർശകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ചെലവ് കുറഞ്ഞ വിനോദസഞ്ചാര അനുഭവങ്ങളിലേക്കാണ് വകുപ്പ് സന്ദർശകരെ ക്ഷണിക്കുന്നത്. ഉൾനാടൻജല ഗതാഗതത്തോടൊപ്പം ടൂറിസത്തെയും ഉണർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് സീ കുട്ടനാട് പദ്ധതി നടപ്പാക്കുന്നത്. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും യാത്ര ആരംഭിക്കുന്ന സീ കുട്ടനാട് ബോട്ടുകൾ നെഹ്രു ട്രോഫി വള്ളംകളി സ്റ്റാർട്ടിംഗ് പോയിന്റിലൂടെ സഞ്ചരിച്ച് കൈനകരി വഴി ആലപ്പുഴയിൽ മടങ്ങിയെത്തും. രണ്ടു മണിക്കൂർ കായൽ യാത്രക്ക് 60 രൂപ മാത്രമാണ് നിരക്ക്. രാവിലെ 5.50 മുതൽ അഞ്ചു സർവീസുകളാണുള്ളത്.
വേഗ ടൂവാണ് വിനോദ സഞ്ചാര മേഖലയിലെ മറ്റൊരു ആകർഷണീയമായ സർവീസ്. എല്ലാ ദിവസവും രാവിലെ 11.30ന് ആലപ്പുഴയിൽ നിന്നും പുറപ്പെട്ട് ആലപ്പുഴ നെഹ്രു ട്രോഫി വള്ളംകളി പോയിന്റിലൂടെ പുന്നമട, സായി, വേമ്പനാട് കായൽ, മുഹമ്മ വഴി പാതിരാമണൽ ദ്വീപിൽ എത്തിച്ചേരും. ഏകദേശം 50 കിലോമീറ്റർ കായൽ യാത്രയാണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീയുടെ നാടൻ ഭക്ഷണവും ബോട്ടിലുണ്ട്. 120 സീറ്റുകളാണ് ഈ ബോട്ടിലുള്ളത്. അവധിക്കാലമായതോടെ ഈ യാത്രയ്ക്ക് വലിയ ഡിമാന്റാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യാൻ സാധിക്കുക.
# നാട്ടിൻപുറത്തെ തനിപ്പതിപ്പൊരുക്കി കൃഷിവകുപ്പ്
പാടശേഖരവും തോണിയും ചക്രവുമൊക്കെ ആലപ്പുഴക്കാർക്ക് പുതിയ കാഴ്ച്ചകളല്ലെങ്കിലും എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇവയെല്ലാം ചേർത്തൊരുക്കിയിരിക്കുന്ന കൃഷിവകുപ്പിന്റെ സ്റ്റാളിൽ സന്ദർശകത്തിരക്കാണ്. പാളത്തൊപ്പി വച്ച് സ്റ്റാളിലെ വള്ളത്തിലിരുന്ന് തുഴയെറിഞ്ഞ് ഫേട്ടോയെടുക്കാൻ ഊഴം കാത്തു നിൽക്കുന്നവർ പതിവു കാഴ്ച്ചയാണിവിടെ.ഒരോ കുടുംബത്തിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംയോജിത കൃഷിത്തോട്ടം എങ്ങനെ ഒരുക്കാം എന്നും ഇവിടെ പരിചയപ്പെടുത്തുന്നു.