ഹരിപ്പാട്: ക്ഷേത്ര മോഷണം, പ്രതികളെ റിമാൻഡ് ചെയ്തു. ചിങ്ങോലി കാവിൽപ്പടിക്കൽ, ഏവൂർ കണ്ണമ്പള്ളിൽ ദേവി ക്ഷേത്രങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് അന്തർ ജില്ലാ മോഷണ സംഘത്തിലെ അഞ്ചുപേരെയാണ് കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ പത്തോളം മോഷണ കേസുകളിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോട്ടയം പൂവരണി കൊട്ടയ്ക്കാട്ട് വീട്ടിൽ ജോയ് (54), ആലപ്പുഴ കലവൂർ പള്ളിപ്പറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ (32), അടിമാലി മാന്നാംക്കണ്ടം മംഗലത്ത് വീട്ടിൽ രമേശ് (27), അടിമാലി മാന്നാംക്കണ്ടം നന്ദനം വീട്ടിൽ വിഷ്ണു (30), പത്തനംതിട്ട ഓമല്ലൂർ വാഴമുട്ടം നെല്ലിക്കുന്നേൽ വീട്ടിൽ ഗിരീഷ് (51), എന്നിവരെയാണ് കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. കരീലകുളങ്ങര സ്റ്റേഷൻ പരിധിയിലെ കണ്ണമ്പള്ളി ക്ഷേത്രത്തിൽ നടത്തിയ മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് വൻ മോഷ്ടാക്കളിലേക്ക് എത്തിച്ചേർന്നത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.