naaluthod

മാന്നാർ: നെല്ല് സംഭരണം അനിശ്ചിതത്വത്തിലായതിനാൽ നെല്ല്‌കൊയ്യാൻ വിസമ്മതിച്ച മാന്നാർ ഗ്രാമപഞ്ചായത്തിലെ ഇരമത്തൂർ നാലുതോട് പാടത്ത് കാലാവസ്ഥ അനുകൂലമായാൽ കർഷകർ നാളെ കൊയ്ത്ത് നടക്കുമെന്ന് പാടശേഖര സമിതി അറിയിച്ചു. അപ്പർകുട്ടനാടൻ മേഖലകളായ മാന്നാർ-ചെന്നിത്തല പാടശേഖരങ്ങളിൽ കൊയ്തനെല്ല് സംഭരിക്കാതെ മില്ലുടമകൾ വിട്ടുനിന്നതാണ് ഏകദേശം 250തോളം ഏക്കർ വരുന്ന നാലുതോട് പാടശേഖരത്തിലെ കർഷകരെ ഭീതിയിലാക്കിയത്. കൊയ്തെടുക്കുന്ന നെല്ല് പാടത്ത് തന്നെ മൂടകൂട്ടിയിടാൻ മാത്രമേ സൗകര്യമുള്ളൂ. നെല്ല് സംഭരണം അനിശ്ചിതമായി നീണ്ടുപോയാൽ ഇപ്പോഴത്തെ പ്രതികൂലസാഹചര്യത്തിൽ നെല്ല് നനഞ്ഞ് നശിച്ച്പോകുമെന്ന ആശങ്കയിലാണ് കർഷകർ വിളവെടുക്കാൻ വിസമ്മതിച്ചത്. മാന്നാർ കൃഷിഓഫീസർ, വാർഡ് മെമ്പർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പാടശേഖര സമിതിയുടെ അടിയന്തിര പൊതുയോഗത്തിലാണ് നാളെ കൊയ്ത്ത് നടത്താമെന്ന ധാരണയായത്. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കാൻ കൃഷിമന്ത്രി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി, സഥലം എം.എൽ.എയും മന്ത്രിയുമായ സജി ചെറിയാൻ എന്നിവരുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ തീരുമാനമുണ്ടാകണമെന്നും മുക്കം-വാലേൽ ബണ്ട് റോഡിന്റെ നിർമ്മാണം എത്രയും വേഗം തുടങ്ങുവാൻ നടപടി സ്വീകരിക്കണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രനാഥ കൈമൾ, കൃഷിഓഫീസർ ഹരികുമാർ പി.സി, വാർഡ് മെമ്പർ പുഷ്പലത എന്നിവർ സംസാരിച്ചു.