മാവേലിക്കര: വിമുക്തഭടൻ ലോറിയിടിച്ച് മരിച്ചു. വെട്ടിയാർ താജ് മൻസിലിൽ അൻസാരി (55) ആണ് മരിച്ചത്. കൊല്ലം-തേനി ദേശീയപാതയിൽ കൊച്ചാലുംമൂടിന് വടക്ക് ഇന്നലെ രാവിലെ 6നായിരുന്നു അപകടം. ഹരിപ്പാട്ടുള്ള സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന അൻസാരി ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ അമിത വേഗതയിൽ മീനുമായെത്തിയ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വീടിന്റെ മതിലിൽ ഇടിച്ച ശേഷം വലത്തേക്ക് തിരിഞ്ഞ ലോറി സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് വീടിന്റെ മതിലിന്റെ മറ്റൊരു ഭാഗവും വൈദ്യുതി തൂണും ഇടിച്ചു തകർത്ത ശേഷമാണ് ലോറി നിന്നത്. മീൻ കയറ്റി വന്ന ലോറിയുടെ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ മാവേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: സജീല മക്കൾ: ഡോ.ആഷിദ അസീസ്, അമീഗ അൻസാരി. മരുമകൻ: അസീസ്.