പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലും അധികൃതർ യാതൊരു നടപടിയും എടുക്കാത്തതിൽ പ്രതിഷേധിച്ച് പാമ്പുന്തറ റെസിഡൻസ് അസോസിയേഷൻ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ചെയർമാൻ വിജയകുമാർ അറിയിച്ചു. ഇന്നലെ കേളമംഗലം ഭാഗത്ത് അന്യ സംസ്ഥാന തൊഴിലാളിയെ നായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചതാണ് ഒടുവിലെത്തെ സംഭവം. കഴിഞ്ഞ ദിവസമാണ് അഞ്ചര വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെ നായ്ക്കൾ ആകമിച്ചത്. ഇവർ ഇപ്പോഴും ചികിത്സയിലാണ്. കടിയേറ്റാൽ ആവശ്യത്തിനുള്ള മരുന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ ലഭ്യമല്ല. ചികിത്സക്കായി എത്തുന്നവരെ ആലപ്പുഴ മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റുകയാണ്. റജിമോൻ തറയിൽ, ബിനീഷ് കളരിക്കൽ തുടങ്ങിയവർ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.